> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കംവാർത്തയുടെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ!
- URL: https://www.vaikomvartha.com/80th-independence-day/
- Published: 2026-08-14T18:07:31.000Z
- Updated: 2026-08-16T02:08:31.000Z
- Author:  Vaikom Vartha News Desk
- Tags: Main News

ഭാരതം വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, നാളത്തെ തലമുറയുടെ സ്വാതന്ത്ര്യത്തിനായി തങ്ങളുടെ ഇന്നുകൾ ബലികൊടുത്ത ധീരദേശാഭിമാനികളുടെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ നമുക്ക് ആദരവോടെ പ്രണാമമർപ്പിക്കാം.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ ഭരണസിരാകേന്ദ്രമായിരുന്ന ബ്രിട്ടീഷ് പാർലമെൻ്റിൽ പോലും വൈക്കം സാന്നിദ്ധ്യമറിയിച്ച വൈക്കം സത്യഗ്രഹമെന്ന സമരേതിഹാസത്തിൻ്റെ പൈതൃകം പേറുന്ന നമുക്ക്, സ്വാതന്ത്ര്യവും തുല്യതയും കേവലം വാക്കുകളല്ല; മറിച്ച് ഹൃദയത്തോട് ചേർത്തുവെച്ച വികാരങ്ങളാണ്.

​മഹാത്മാഗാന്ധിയുടെ അഹിംസാമാർഗ്ഗവും സുഭാഷ് ചന്ദ്രബോസിന്റെ വിപ്ലവവീര്യവും ജവഹർലാൽ നെഹ്‌റുവിന്റെയും സർദാർ വല്ലഭായ് പട്ടേലിന്റേയുമെല്ലാം നേതൃപാടവവും നമ്മുടെ സ്വാതന്ത്ര്യസമരത്തിന് മാർഗ്ഗദീപമായി. അതോടൊപ്പം തന്നെ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ചോരപുരണ്ട പോരാട്ടങ്ങളിൽ രക്തസാക്ഷിത്വം വരിച്ച് അനശ്വരരായ ധീരവിപ്ലവകാരികളുടെ ത്യാഗത്തെ നാം ഒരിക്കലും മറക്കരുത്.

​തൂക്കുമരത്തെ പുഞ്ചിരിയോടെ പുണർന്ന് രാജ്യത്തെ യുവതയുടെ ഹൃദയങ്ങളിൽ അഗ്നിയായി പടർന്ന ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരും, ഒരിക്കലും ജീവനോടെ പിടികൊടുക്കില്ലെന്ന ശപഥം സ്വന്തം ചോരയിൽ കാത്തുസൂക്ഷിച്ച ചന്ദ്രശേഖർ ആസാദും നമ്മുടെ ധീരതയുടെ പ്രതീകങ്ങളാണ്. മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല മാതൃകകളായി മാറിയ റാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുല്ല ഖാൻ എന്നിവരും, ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിലൂടെ സാമ്രാജ്യത്വത്തെ ഞെട്ടിച്ച സൂര്യ സെൻ, കൗമാരപ്രായത്തിൽ തന്നെ രാജ്യത്തിനായി ജീവൻ ബലികൊടുത്ത ഖുദിറാം ബോസ്, പൊരുതിമരിച്ച ധീരവനിതകളായ മാതംഗിനി ഹസ്ര, പ്രീതിലത വദ്ദേദാർ തുടങ്ങിയ ധീരരക്തസാക്ഷികളുടെ പോരാട്ടവീര്യം എന്നും നമുക്ക് പ്രചോദനമാണ്.

​അനേകായിരം രക്തസാക്ഷികളുടെ ചോരയിൽ പടുത്തുയർത്തിയതാണ് ഈ സ്വതന്ത്ര ഭാരതം. ജാതി മത രാഷ്ട്രീയ ഭേദമന്യേ, നാനാത്വത്തിൽ ഏകത്വം കാത്തുസൂക്ഷിക്കാനും പരസ്പരസ്നേഹവും സഹവർത്തിത്വവും വളർത്താനും നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.

​ഏവർക്കും ഒരിക്കൽക്കൂടി വൈക്കം വാർത്തയുടെ സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

​**ജയ് ഹിന്ദ്! വന്ദേ മാതരം!**

**Team VaikomVartha**