> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആയുർവേദപടി-പാലയ്ക്കൽ ഓർശ്ലേം റോഡിന്റെ ശോച്യാവസ്ഥയ്ക്ക്  മൂന്നു പതി​റ്റാണ്ട്
- URL: https://www.vaikomvartha.com/aayu-veedptti-paalykk-oo-shleen-rrooddinrre-shoocyaavsthykk-muunnu-ptirrrraanntt/
- Published: 2025-08-08T11:57:46.000Z
- Updated: 2025-08-08T11:57:46.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ആയുർവേദപടി-പാലയ്ക്കൽ ഓർശ്ശേം നേരെക്കടവ് തീരദേശ റോഡ് പുനർ നിർമ്മാണം നടത്തിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. റോഡിന്റെ ദുരവസ്ഥ നൂറു കണക്കിന് തീരദേശ വാസികൾക്ക് ദുരിത യാത്രയാണ്. റോഡ് പുനർ നിർമ്മിക്കണമെന്ന തീരദേശ വാസികളുടെ മുറവിളി ജലരേഖയായി മാറുന്നു.

  
ഉദയനാപുരം പഞ്ചായത്തിന്റെ 15ാം വാർഡിനേയും നഗരസഭ 25, 26 വാർഡുകളേയും ബന്ധിപ്പിക്കുന്ന റോഡാണിത്. മൂന്ന് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ തുടക്കം മുതൽ അവസാനം വരെ കുണ്ടും കുഴിയുമായി തകർന്ന് കിടക്കുകയാണ്. ചെറിയോരു മഴയിൽ പോലും റോഡ് പെയ്ത്തുവെളളത്തിൽ മുങ്ങുന്നത് വിദ്യാർത്ഥികളുടെ സ്‌കൂൾ യാത്രയ്ക്ക് തടസ്സമാണ്. റോഡിന്റെ ഓരോ ഭാഗങ്ങളും വലിയ ഗർത്തങ്ങളായി കുളം പോലെ കിടക്കുകയാണ്. ആത്യാവശ്യം ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോലും യാത്ര സൗകര്യമില്ലാത്ത സ്ഥിതിയാണ്. തീരദേശ വാസികളായ നൂറു കണക്കിന് കുടുംബങ്ങൾ റോഡിന്റെ ശോച്യാവസ്ഥയിൽ മൂന്നു പതിറ്റാണ്ടുകളായി വിഷമിക്കുകയാണ്. റോഡിന്റെ പുനർ നിർമ്മാണം ആവിശ്യപ്പെട്ട് നിരവധി തവണ അധികാരികൾക്ക് പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ല. തീരദേശ പരിപാലന പദ്ധതിയിൽ പെടുത്തി പുനർ നിർമ്മാണം നടത്തുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു.  
നഗരപ്രദേശങ്ങളിലുളള സ്‌കൂളുകളിലേക്ക് കുട്ടികൾക്ക് വന്നുപോകാൻ മാർഗമില്ല. സ്‌കൂൾ വാഹനങ്ങൾക്കും വരാൻ കഴിയുന്നില്ല. വൈക്കത്തെ പ്രധാന തൊഴിൽ വ്യവസായ മേഖലയായ കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിലേക്ക് വന്നു പോകുവാൻ പോലും സാഹചര്യമില്ലാത്ത അവസ്ഥയാണ്. ഇത് തൊഴിൽ മേഖലയേയും ബാധിച്ചു. വാവകാട്ട്കരി, പനമ്പൂകാട്, നെറ്റിപ്പുറം, ഓർശ്ലേം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ നഗരപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഏക റോഡാണിത്. താലൂക്ക് ആശുപത്രി, ആയുർവേദ ആശുപത്രി, വിവിധ സ്‌കൂളുകൾ, ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ, റേഷൻകട എന്നിവിടങ്ങളിലേക്ക് വന്ന് പോകാനുളള ഏക യാത്രാ മാർഗമാണിത്. റോഡിന്റെ പുനർ നിർമ്മാണം ആവശ്യപ്പെട്ട് സമര പരിപാടികൾ സംഘടിപിക്കാൻ ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ. ചന്ദ്രൻ, സി.എൻ. പ്രസന്നകുമാർ, കെ.റ്റി. ജോസഫ്, ബാബു മംഗലത്ത്, ജിക്കു കടവൻ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.