> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി: എട്ടുപേർക്ക് ദാരുണാന്ത്യം
- URL: https://www.vaikomvartha.com/accident-35-7/
- Published: 2026-09-05T02:34:55.000Z
- Updated: 2026-09-05T02:34:55.000Z
- Author:  Vaikom Vartha News Desk
- Tags: Main News

തൃശൂർ: കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു. പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരിച്ചവരിൽ ഏഴുപേർ ഡിണ്ടിഗലിലെ എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ല. തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-6.jpg)

ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ദേശീയപാതയിൽ നിർമാണം നടക്കുന്ന ഭാഗത്ത് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടസമയത്ത് ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പിന്നാലെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-12.jpg)

അപകടം നടന്ന മേഖലയിൽ റോഡരികിൽ മൂന്ന് ലോറികൾ നിർത്തിയിട്ടുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.ഇതിൽ മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചുകയറിയത്. പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.