> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എയിംസ് പട്ടിക:  വെളളൂരിന് പ്രഥമസ്ഥാനം
- URL: https://www.vaikomvartha.com/aims-velloril/
- Published: 2026-07-07T07:00:49.000Z
- Updated: 2026-07-07T07:00:49.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ വൈക്കം വെള്ളൂരിലെ കെ.പി.പി.എൽ സ്ഥലവും ലിസ്റ്റിൽ സ്ഥാനം പിടിച്ചതായി സൂചന. വൈക്കം എം.എൽ.എ കെ. ബിനിമോനും പിറവം എം.എൽ.എ അനൂപ് ജേക്കബും പെരുവ ജനകീയ പ്രതികരണ വേദിയും അടക്കമുള്ള നാലോളം ശുപാർശകൾ കൂടി പരിഗണിച്ചാണ് വെള്ളൂർ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. 

എയിംസ് സ്ഥാപിക്കാനുള്ള പരിഗണനാലിസ്റ്റ് തയ്യാറാക്കുന്ന പട്ടികയിലേക്ക് ലിസ്റ്റ് തയ്യാറാക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിലാണ് വെള്ളൂരും പരിഗണിക്കപ്പെടുന്നത്. സംസ്ഥാന സർക്കാർ കെ.പി.പി.എൽ സ്ഥാപിച്ച വെള്ളൂരിലെ സ്ഥലം വ്യവസായ വകുപ്പിന്റെ കീഴിലുള്ള സർക്കാരിന്റെ വക ഭൂമിയാണ്. കെ.പി.പി.എൽ ൻ്റെ 700 ഓളം ഭൂമിയിൽ മുന്നൂറോളം ഏക്കറിലാണ് കെ.പി.പി.എല്ലിന്റെ പ്രവർത്തനം. കേരള റബർ ലിമിറ്റഡിന് 164 ഏക്കർ നൽകിയിട്ടും 300 ഏക്കറോളം ഭൂമി ഇവിടെ വെറുതെ കിടക്കുകയാണ്. മാനദണ്ഡപ്രകാരം 200 ഏക്കർ സ്ഥലമാണ് എയിംസ് സ്ഥാപിക്കാനായി വേണ്ടത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000591424-25.jpg)

ഇവിടെ ഒരാളെപ്പോലും കുടിയൊഴിപ്പിക്കാതെ സർക്കാർ സ്ഥലം ലഭ്യമാക്കാൻ ആകും എന്നതാണ് പ്രത്യേകത. മാത്രമല്ല അടിസ്ഥാന സൗകര്യമായ വെള്ളം, വൈദ്യുതി, യാത്ര സൗകര്യങ്ങൾ എന്നിവയും സംസ്ഥാനത്തിന്റെ മധ്യഭാഗത്തായി എയിംസ് സ്ഥാപിച്ചാൽ എല്ലാ ജില്ലക്കാർക്കും ഒരുപോലെ സൗകര്യപ്രദമാകും എന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂവാറ്റുപുഴയാറിലെ ജലലഭ്യതയും കെ.പി.പി.എല്ലിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി സംവിധാനവും ജല, റെയിൽ, വിമാന, റോഡ് യാത്ര മാർഗവും വെള്ളൂരിന് സാധ്യത ലിസ്റ്റിൽ പ്രഥമ പരിഗണനക്ക് കാരണമാവുന്നതായാണ് വിവരം. ഗ്രേറ്റർ പിറവം ഡെവലപ്മെൻറ് സൊസൈറ്റി തയ്യാറാക്കിയ ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് വെള്ളൂരിന്റെ സാധ്യത ജനപ്രതിനിധികളും സംഘടനകളും സർക്കാരിന്റെ മുന്നിൽ വച്ചിരിക്കുന്നത്. വെള്ളൂർ പ്രഥമ പരിഗണനയായി എയിംസ് പരിഗണന പട്ടികയിൽ സ്ഥാനം പിടിക്കും എന്നാണ് ലഭിക്കുന്ന സൂചന. ഇത് സംബന്ധിച്ച് വൈക്കം എം.എൽ.എ ഓഫീസിൻ്റെ അറിയിപ്പും ഇന്നലെ രാത്രി മാദ്ധ്യമങ്ങൾക്ക് നൽകിയിരുന്നു.