> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൊലുസ്സിൻ കിലുക്കം (കഥ)
- URL: https://www.vaikomvartha.com/akshara-jalakam-10/
- Published: 2026-09-28T12:41:43.000Z
- Updated: 2026-09-28T12:41:43.000Z
- Author:  Vaikom Vartha News Desk
- Tags: അക്ഷരജാലകം

**കൊ**ലുസിൻ കിലുക്കം.. .തന്റെ കാലിൽ അണിഞ്ഞ കൊലുസുനാദം അവളുടെ കാതിൽ മുഴങ്ങി. 

ഒരിക്കൽ കൂടി അവൾ കാലുയർത്തി കിലുക്കാൻ നോക്കി.. "ഇല്ല ഇപ്പോൾ ആ കിലുക്കം കേൾക്കാൻ കഴിയുന്നില്ല".

അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു ചാടി എണീറ്റ് കാലിലേക്ക് നോക്കി.. ഇല്ല കൊലുസ്സില്ല!.. എല്ലാം ഒരു സ്വപ്നം മാത്രം ആയിരുന്നു. 

എങ്കിലും അവൾക്ക് ഏറ്റവും ഇഷ്ടം കൊലിസിനോടായിരുന്നു. തന്റെ പ്രായത്തിലുള്ളവർ കൊലുസ്സ് ഇട്ട് കിലുക്കി ഡാൻസ് കളിച്ചു നടക്കുമ്പോൾ സങ്കടം തോന്നും. 

തനിക്ക് മാത്രം... അപ്പുറത്തെ വീട്ടിലെ പൊന്നുവിന് കാലിൽ കൊലുസ് കിടക്കുന്നതിന്റെ ഒരു ഗമ ഒന്ന് കാണേണ്ടതാണ്... അല്പം അസൂയ എനിക്ക് തന്നെ ഉണ്ട്.

ഞാനും വാങ്ങുമെടി മോളെ എന്ന് അവൾ അറിയാതെ എത്രയോ പ്രാവശ്യം മനസ്സിൽ എഴുതിയിരിക്കുന്നു.

തന്റെ അച്ഛന് സുഖമില്ലാതെ ആയത് കൊണ്ടല്ലേ ഞങ്ങൾക്ക് ഇങ്ങനെ വന്നത്, എന്റെ അച്ഛൻ കൊലുസ് വാങ്ങി തന്നേനെ, അവൾക്ക് സങ്കടം വന്നു, പണിക്ക് പോയ തന്റെ അച്ഛൻ മരത്തിൽ നിന്നും വീണു കിടപ്പിലായി, പാവം അമ്മ... അടുത്ത വീടുകളിൽ കൂടി പോയി ജോലി ചെയ്തു കൊണ്ട് വരുന്നത് കൊണ്ട് മാത്രം ആണ് ഇപ്പോൾ അച്ഛന് മരുന്നും, ജീവിത ചിലവുകളും കഴിഞ്ഞു പോകുന്നത്, അതിനിടക്ക് തന്റെ ഇഷ്‌ടവും കൂടി പറഞ്ഞു പാവം അമ്മയെ വിഷമപ്പിക്കാൻ പാടില്ല. പ്രായത്തെക്കാളും പക്വതയോടെ അവൾ ചിന്തിച്ചു.

ഒരു ദിവസം സ്കൂളിൽ പോകും വഴി വഴിയിൽ കിടക്കുന്ന ഒരു ബാഗ്!

ആദ്യം മടിച്ചു, പിന്നെ ആരെയും കാണുന്നുമില്ല, അവൾ രണ്ടും കല്പിച്ചു എടുത്തു തുറന്നു! 

പേടിച്ചു പോയി!. നിറയെ അടുക്കി വെച്ചിരിക്കുന്ന നോട്ട് കെട്ടുകൾ!. 

പിന്നെ സ്കൂളിലേക്ക് ഓരോട്ടമായിരുന്നു. ഹെഡ്മാസ്റ്ററിന്റെ കൈയിൽ ബാഗ് ഏല്പിക്കുന്നതുവരെ അങ്കലാപ്പായിരുന്നു.

"സാർ...സാർ..."

കിതപ്പ് മാറുന്നില്ല.

"എന്താ എന്ത് പറ്റി കുട്ടി "ഹെഡ്മാസ്റ്ററിന്റെ ഉത്കണ്ട ഒരുവിധം പറഞ്ഞു: ' വഴിയിൽ നിന്നും ഈ ബാഗ്, അവൾ മുഴുവനും പറയാതെ ബാഗ് ഹെഡ്മാസ്റ്ററിനെ ഏല്പിച്ചു.

തുറന്നു നോക്കിയ സാർ അവളെ ഒരു നോട്ടം നോക്കി. 

എന്നിട്ട് വേഗം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കാര്യം പറഞ്ഞു.

"കുട്ടി ക്ലാസ്സിൽ പൊയ്ക്കോ"അവളുടെ തോളിൽ തട്ടി കൊണ്ടു ടീച്ചർ പറഞ്ഞു.

അവൾ ക്ലാസ്സിൽ ഇരിക്കുമ്പോൾ പിയൂൺ രാജൻ ചേട്ടൻ വന്നു. ഓഫീസ് റൂമിലേക്ക് അവളെ ചെല്ലാൻ പറഞ്ഞു എന്ന് ക്ലാസ്സ്‌ ടീച്ചറെ അറിയിച്ചു. 

അല്പം ചങ്കിടിപ്പോടെ ആണ് അവൾ ചെന്നത്. അവിടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അച്ഛനും, അമ്മയും. 

വാതിൽക്കൽ ചെന്ന് അനുവദത്തിനായി അവൾ ഒന്ന് കാത്തു. 

ഹെഡ്മാസ്റ്റർ അവളെ കണ്ടതും "വാ.. അകത്തേക്ക് വാ"

അകത്തേക്ക് കയറിയതും, ആ അമ്മച്ചി എണീറ്റു വന്ന് "നിറകണ്ണുകളോടെ" അവളുടെ നെറുകയിൽ കൈ വെച്ചു, പിന്നെ ചേർത്ത് പിടിച്ചു ചോദിച്ചു: 'മോളുടെ പേര് എന്തുവാ?

'പുഞ്ചിരിയോടെ അവൾ: "സന്ധ്യാ". 

"മോളെ ദൈവം അനുഗ്രഹിക്കും, എന്റെ മോളുടെ കല്യാണത്തിന് സ്വരുക്കൂട്ടിയ പൈസയായിരുന്നു, തിരയാനൊരു സ്ഥലവുമിനി ബാക്കിയില്ല. നഷ്‌ടപ്പെട്ടു പോയി, ഇനി തിരിച്ചു കിട്ടില്ലന്ന് കരുതി ഭ്രാന്തയി ഇരിക്കുന്ന സമയത്താണ്. പോലീസ് കാരുടെ വിളി വന്നത്. ആ ബാഗിൽ എന്റെ മുബൈൽ നമ്പർ ഉണ്ടായിരുന്നു, മോളുടെ കൈയിൽ കിട്ടിയത് കൊണ്ട് മാത്രം ഞങ്ങൾക്കത് തിരിച്ചു കിട്ടി".

നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ടു ആ അമ്മ വീണ്ടും: 'ഇതിന് പകരം മോൾക്ക്‌ എന്താണ് വേണ്ടത് പറ മോളെ'

' എനിക്ക് ഒന്നും വേണ്ടമ്മേ അമ്മയിങ്ങനെ കരയണ്ട 'അവളറിയാതെ അങ്ങനെ പറഞ്ഞു. അവരവളെ ചേർത്ത് കെട്ടിപിടിച്ചു. 

" അത് പറ്റില്ല ഞങ്ങളുടെ സന്തോഷത്തിന് മോൾക്ക്‌ ഇഷ്ടം ഉള്ളത് എന്തെങ്കിലും പറയണം" ഇപ്പറഞ്ഞത് ആ അച്ഛനായിരുന്നു.

" അവളുടെ കാതും, കഴുത്തും, വേഷവും മേല്ല മെല്ലാം അവളിലെ ഇല്ലായിമയെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അപ്പച്ചനും കൂടി അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ നിറഞ്ഞു. അവളവിടെ വച്ചു കരഞ്ഞു പോയി. ഒന്നും പറയാതെ ഹെഡ്മാസ്റ്ററിനെ നോക്കി പിന്നെയവൾ ക്ലാസ്സിലേക്കോടി. അവിടെ നിന്നവരുടെയും കണ്ണുകൾ നിറഞ്ഞു.

വീണ്ടും പിയൂൺ വന്നു എന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിളിച്ചു കൊണ്ടു പോയി. അവൾ തിരികെ വന്നു ക്ലാസ്സിൽ പറഞ്ഞു അത് കേട്ട് ടീച്ചറും കുട്ടികളും കൈകൊട്ടി.... സ്കൂൾ സമയം കഴിയുന്ന തിന്നുമുൻപ് ആ അച്ഛനും അമ്മയും വീണ്ടും സ്കൂളിൽ വന്നു. എന്റെ ക്ലാസ്സിൽ വച്ച് കെട്ടിപിടിച്ചു ഉമ്മ വച്ചുകൊണ്ട് അവരാ കൊലുസ് എന്നെ അണിയിച്ചു. എന്റെ ബെസ്റ്റ് ഫ്രിണ്ടിന് ഒരു ചോക്കാലറ്റ് മിഠായിയും. അവളാണ് അവരോട് പറഞ്ഞത് എന്റെ സ്വപ്നം കൊലുസ്സുകളാണെന്ന്.

പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ എല്ലാവരും അവളെ അഭിനന്ദിച്ചു, ക്ലാസ്സ്‌ ടീച്ചർ അവളെ ചേർത്ത് പിടിച്ചു മിട്ടായി കൊടുത്തു, അസംബ്ലിയിൽ അവളെ സ്റ്റേജിൽ വിളിച്ചു ആദരിച്ചു...! ഒരു ചെറിയ തുക കവറിലിട്ടു ഹെഡ്മാസ്റ്റർ അവൾക്ക് നൽകി, അവളുടെ സത്യസന്ധതയെ പുകഴ്ത്തി സംസാരിച്ചു. അവൾക്ക് വലിയ സന്തോഷം ആയി, വൈകുന്നേരം സ്കൂൾ വിട്ട് വേഗം വീട്ടിലേക്കോടിയവൾ.

അച്ഛന്റെ കൈയിൽ കവർ കൊടുത്തു കൊണ്ട് കാര്യം പറഞ്ഞു, അമ്മയും അവളെ ചേർത്ത് പിടിച്ചു ഉമ്മ വെച്ചു. 

കാലിലെ കിലുക്കം.. അവൾ തുള്ളിച്ചാടി നടന്നു. പൊന്നുവിനെ കാണിക്കാൻ അവളുടെ വീട്ടിലേക്ക് ഓടി. അവൾക്ക് ഏറ്റവും ഇഷ്‌ടമുള്ള കൊലുസ്സ് അണിഞ്ഞു കൊണ്ട്....

രചന: **ഷൈല. എൻ**

Mob: +91 97442 12520