> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വർഗ്ഗത്തിൽ നിന്നൊരു റിട്ടേൺ ടിക്കറ്റ് (കഥ)
- URL: https://www.vaikomvartha.com/akshara-jalakam-11/
- Published: 2026-09-30T08:35:44.000Z
- Updated: 2026-09-30T09:03:03.000Z
- Author:  Vaikom Vartha News Desk
- Tags: അക്ഷരജാലകം

**മ**തിലിനു മുകളിലൂടെ തല നീട്ടി ശ്യാമള അപ്പുറത്തേയ്ക്ക്നോക്കി. സുമതി മുറ്റത്തു നിൽപ്പുണ്ട്.

"സുമതി... ഇങ്ങോട്ടൊന്നു വന്നേടി""എന്തേ ശ്യാമളേച്ചി?" സുമതി അഴിഞ്ഞുലഞ്ഞ മുടി കോതിക്കെട്ടിക്കൊണ്ട് മതിലരികിലേക്കു വന്നു.

"അതേ ഞാൻ തെക്കേലെ രഘുവിനെ കാണാൻ ആശുപത്രി വരെ പോവാ നീ വരുന്നോ?"

"അതിനു അവൻ ഐ.സി.യുവിൽ അല്ലിയോ? അതും വെന്റിലേറ്ററിൽ! ഇപ്പോ പോയാൽ നമുക്ക് കാണാൻ കഴിയോ ചേച്ചി?"

"ഇന്നലെയെ ബ്രെയിൻ ഡെത്ത് ആയീന്നാ കേട്ടത്. എന്നുവച്ച മരിച്ചൂന്നർത്ഥം. വെന്റിലേറ്ററിന്റെ സഹായത്തിൽ ആണിപ്പോ അല്പം ജീവൻ നിലനിൽക്കുന്നത്. ഇങ്ങനെ കിടത്തിയിട്ട് പ്രയോജനം ഒന്നുമില്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ വെന്റിലേറ്റർ മാറ്റിക്കോളാൻ വീട്ടുകാര് സമ്മതിച്ചത്രെ!"

"എങ്കിൽ നമുക്ക് അത്രടം വരെ ഒന്നു പോകാം ശ്യാമളേച്ചി. ഞാനും വരാം."

ഐ.സി.യുവിൽ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരത്തിനരികിൽ കരയാൻ പോലും കഴിയാതെ മരവിച്ച മനസും ശരീരവുമായി രേവതി നിന്നു. പറക്കമുറ്റാത്ത കുഞ്ഞുമകളെയും നെഞ്ചോടു ചെറുത്തു പിടിച്ച്...

അതേ സമയം രഘുവിന്റെ ആത്മാവ് സ്വർഗ്ഗ കവാടത്തിൽ ക്യുവിൽ നിൽക്കുകയായിരുന്നു. തന്റെ ഊഴമെത്തി.വാതിൽക്കൽ ഒരു ദൂതൻ വലിയ പുസ്തകം തുറന്നു പിടിച്ചു ഇരിക്കുന്നു.

“പേര്?”

“രഘു .”

ദൂതൻ പുസ്തക താളിലൂടെ വിരൽ ഓടിച്ചു.“അതെ… രഘു.. നിന്റെ ഭൂമിയിലെ ആയുസ്സ് തീർന്നു. ഇനി സ്വർഗ്ഗത്തിൽ വിശ്രമിക്കാം.”

രഘു ചുറ്റും നോക്കി.മേഘങ്ങൾ. പൂക്കൾ. സംഗീതം. ആരും വഴക്കിടുന്നില്ല.. ഒച്ചപ്പാടില്ല. സൗമ്യമായ സംസാരങ്ങൾ. സംഗീത മുഖരിതമായ അന്തരീക്ഷം. കാറ്റിനു പോലും ഇതുവരെ അനുഭവിച്ചില്ലാത്ത ഒരു സുഗന്ധം.എല്ലായിടത്തും തികഞ്ഞ ശാന്തി. പക്ഷേ രഘുവിന്റെ മുഖത്ത് ശാന്തിയില്ല.

“എന്താ പ്രശ്നം?” 

ദൂതൻ ചോദിച്ചു.

“എനിക്ക് തിരികെ പോകണം.”

ദൂതൻ കണ്ണട ശരിയാക്കി അവനെനോക്കി .

“എവിടേക്ക്?”

“ഭൂമിയിലേക്ക്.”“അത് പറ്റില്ല.”

“എന്തുകൊണ്ട്?”

“നിങ്ങൾ മരിച്ചു.”

“അത് എനിക്കും അറിയാം. അതുകൊണ്ടല്ലേ തിരികെ പോകണം പറയുന്നത്!”

ദൂതൻ തല ചൊറിഞ്ഞു.

“ഇവിടെ വന്നവർ ആരും ഇങ്ങനെ തിരിച്ചുപോകാൻ അപേക്ഷിച്ചിട്ടില്ല.”

“അവരൊക്കെ മടുത്തിട്ട് വന്നതാവും. എനിക്കു അങ്ങനെയല്ല. ഞാൻ ആലോചിച്ചിട്ടാണ് പറയുന്നത്.”

“എന്താണവിടെ പ്രശ്നം?”

ഇടിമുഴക്കം പോലെ ഗാംഭീര്യമുള്ള സ്വരം.

"അതാരാ..?"

"ദൈവം.!!"

രഘു ഉടനെ മുന്നോട്ട് ചെന്നു നിന്നു.

“ദൈവമേ, എനിക്ക് ഒരു പരാതി ഉണ്ട്.”

ദൈവം പുഞ്ചിരിച്ചു. “പറയൂ.”

“ഞാൻ ജീവിച്ചു തീർന്നിട്ടില്ല.”

“നിന്റെ ആയുസ്സ് തീർന്നിരുന്നു.”

“ആയുസ്സ് തീർന്നതും ജീവിച്ചു തീരുന്നതും ഒന്നാണോ?”

ദൈവം അവനെ അടിമുടി ഒന്നു നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

രഘു തുടർന്നു.“എനിക്ക് മകൾക്ക് വേണ്ടി ഒരുപാട് കാര്യം ചെയ്യാനുണ്ട് . ഭാര്യയോട് പറയാതെ പോയ പലതുമുണ്ട്. അമ്മയോടും അച്ഛനോടും കുറച്ചു കടപ്പാടുകൾ ഉണ്ട് . കൂട്ടുകാരനോട് ക്ഷമ ചോദിക്കാനുണ്ട്.”

“അതൊക്കെ നീ ജീവിച്ചിരിക്കുമ്പോൾ ചെയ്യേണ്ടതായിരുന്നു.”

"അതിപ്പോ ഞാൻ അറിഞ്ഞോ ഇത്ര ചെറു പ്രായത്തിൽ എന്റെ ടിക്കറ്റ് കീറി എന്നെ ഇങ്ങോട്ട് തിരിച്ചു വിളിക്കുമെന്നു. അല്ലെങ്കിൽ തന്നെ നാല്പത് വയസിലൊക്കെ ആയുസ്സ് തീർന്നൂന്നു പറന്നാൽ അത് അന്യയാമാണ് ദൈവമേ.

"ദൈവം ചിരിച്ചു.“നിനക്ക് ഭൂമിയിൽ തിരിച്ചുപോകാൻ കഴിഞ്ഞാൽ നീ അവിടെയെത്തി എന്ത് ചെയ്യും?”

രഘു വിരലുകൾ എണ്ണിത്തുടങ്ങി."മകൾക്ക് വേണ്ടി വേണ്ടതെല്ലാം ചെയ്തുവയ്ക്കണം. കഴിയുന്ന പോലെ അവളുടെ ആഗ്രഹങ്ങളെ സാധിച്ചു കൊടുക്കണം.”

“പിന്നെ?”

“എന്റെ ഭാര്യ... ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്ത പാവം..അവളുടെ കൂടെ അവൾക്കു മാത്രമായി കുറച്ചു സമയം കൊടുക്കണം. അവൾ അതുമാത്രമേ ആഗ്രഹിക്കുന്നുള്ളു ”

ദൈവം ചിരിച്ചു.“അത് വലിയ ത്യാഗമാണല്ലോ.”

“അതെ. പുരുഷന്മാരുടെ സ്വർഗ്ഗപ്രവേശനത്തിന് അതൊരു പ്രത്യേക പരീക്ഷയാകണം.”

"പിന്നെയെന്താണ് നീ പറയൂ?"

"അച്ഛന്റെനെയും അമ്മയെയും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.അവരോടു മാപ്പ് ചോദിക്കണം. പിന്നെ കൂട്ടുകാരോട് 'വെറുതെ ഉലസിച്ചു നടന്നു സമയം കളയാണ്ട് ചെയ്യാൻ ഉള്ളതൊക്കെ വെക്കം ചെയ്ത് തീർത്തുകൊള്ളുവാൻ' പറയണം. പിന്നെ ജോലി, ഉറക്കം, കൂട്ടുകാർ ഇതാരുന്നു എന്റെ ജീവിതം, ഇനിയും കുറച്ച് യാത്രകൾ ചെയ്യണം, നല്ലൊരു പുസ്തകം വായിക്കണം, ഇഷ്ടപ്പെട്ട പാട്ട് മുഴുവൻ കേൾക്കണം അങ്ങനെയങ്ങനെ.... 

പിന്നെ ആരെയെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അതും ചെയ്യണം.

”ദൈവം ചോദിച്ചു“ഇതൊക്കെ ചെയ്യാൻ ജീവിച്ചിരിക്കുമ്പോൾ എന്തുകൊണ്ട് സമയം കണ്ടെത്തിയില്ല?”

“ഞാൻ കരുതിയത്… സമയം ഇനിയും ഒരുപാട് ഉണ്ടെന്നാണ്.”ആ വാക്കുകൾ കേട്ടപ്പോൾ സ്വർഗ്ഗത്തിൽ മുഴങ്ങിയ സംഗീതം പോലും ഒരു നിമിഷം നിശ്ശബ്ദമായതുപോലെ തോന്നി.

ദൈവം അവനെ നോക്കി.“മനുഷ്യരുടെ ഏറ്റവും വലിയ തെറ്റ് അതാണ്. പണം തീർന്നാൽ വീണ്ടും സമ്പാദിക്കാം. ആരോഗ്യം നഷ്ടപ്പെട്ടാൽ ചിലപ്പോൾ ചികിത്സിക്കാം. പക്ഷേ പോയ സമയം തിരികെ വാങ്ങാൻ പറ്റുന്ന ഒരിടവും ലോകത്തില്ല.”

രഘു തല താഴ്ത്തി.“അപ്പോൾ എനിക്ക് പോകാൻ പറ്റില്ലേ?”

ദൈവം പുഞ്ചിരിച്ചു.“നിനക്ക് ഒരു അവസരം കൂടി തരാം.”

രഘുവിന്റെ മുഖം തെളിഞ്ഞു.“ശരിക്കും?”

“അതെ. പക്ഷേ ഒരു നിബന്ധനയുണ്ട്.”

“എന്താണ്?”

"നിന്റെ ഈ അനുഭവം ആരോടും പറയരുത്. നിന്റെ ജീവിതം കൊണ്ടു നീ മറ്റുള്ളർക്കു മാതൃകയാവണം. ഇനി മുതൽ നിനക്ക് ലഭിക്കുന്ന ഓരോ ദിവസവും ‘സാധാരണം ' ആയല്ല അത് "സമ്മാന'മാണ് എന്നു കരുതി ജീവിക്കണം. അമൂല്യമായ നിധി പോലെ ജീവിതത്തെ കൈകാര്യം ചെയ്യണം.

"രഘു കൈകൂപ്പി. അവൻ കണ്ണുകൾ അടച്ചു. പിന്നെയാ കണ്ണുകൾ മെല്ലെതുറന്നു. ആശുപത്രിക്കിടക്ക. ചുറ്റും ഡോക്ടർമാർ. അരികിൽ കരഞ്ഞുകൊണ്ട് ഭാര്യ,മകൾ!

ഡോക്ടർ പറഞ്ഞു: “അത്ഭുതം! ഹൃദയമിടിപ്പ് തിരിച്ചുവന്നു!

"കണ്ണുകൾ ചിമ്മി തുറന്നു കൊണ്ടു അവൻ എല്ലാവരെയും നോക്കി. തല ചെരിച്ചു ഭാര്യയുടെ മുഖത്തേക്ക് നോക്കി. വിശ്വസിക്കാൻ ആവാതെ മിഴിച്ചു നിൽക്കുന്നവളെ നോക്കി അവൻ പുഞ്ചിരിച്ചു. അപ്പോഴും കാതുകളിൽ സ്വർഗ്ഗത്തിൽ നിന്ന് കേട്ട വാക്കുകൾ മുഴങ്ങുന്നുണ്ടായിരുന്നു.

“ജീവിതത്തിൽ കിട്ടുന്ന ആയുസ്സിന്റെ വെറും സമയമായി ചിന്തിക്കാതെ അവസരങ്ങളാണെന്നു തിരിച്ചറിയാൻ കഴിയട്ടെ. 

രഘു വീണ്ടും സ്വർഗ്ഗത്തിൽ നിന്നു കിട്ടിയ റിട്ടേൺ ടിക്കട്ടുമായി ജീവിതം തുടങ്ങി. അയാൾ ആകാശത്തേക്ക് നോക്കി പുഞ്ചിരിച്ചു. “മരിച്ചശേഷം ജീവിക്കാൻ പഠിച്ച മനുഷ്യനാണ് ഞാൻ "

രചന: **അഭിലാഷ് എ. എസ്.**

Mob: ±91 79070 88684