> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഏഴു വർഷത്തെ വേദനയ്ക്കും അപമാനത്തിനും ഒടുവിൽ നീതി; രമേശൻ കള്ളനല്ലന്ന് കോടതി
- URL: https://www.vaikomvartha.com/alapuza-news/
- Published: 2026-07-28T04:02:37.000Z
- Updated: 2026-07-28T04:06:05.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ആലപ്പുഴ: രമേശൻ കള്ളനല്ലെന്ന് കോടതി പറഞ്ഞതോടെ കണ്ണീരും അപമാനവും നിറഞ്ഞ ഏഴ് വർഷങ്ങളുടെ വേദനയിലും രമേശൻ ചിരിച്ചു. വയോധികയുടെ മാല മോഷ്ടിച്ചെന്ന കേസിൽ 47 ദിവസം റിമാൻഡിൽ കഴിഞ്ഞ ചെട്ടികുളങ്ങര കൈതതെക്ക് 65 കാരനായ രമേശ് കുമാറാണ് ഏഴു വർഷം കോടതി കയറി തൻ്റെ നിരപരാധിത്വം തെളിയിച്ചത്. ആണയിട്ടു പറഞ്ഞിട്ടും പൊലീസും ബന്ധുക്കളും അവഗണിച്ച സത്യം ഒടുവിൽ മാവേലിക്കര മജിസ്ട്രേട്ട് കോടതി അംഗീകരിച്ചതാണ് രമേശൻ കള്ളനല്ലെന്ന സത്യം നാടുറപ്പിക്കുന്നത്. 2019 നവംബർ 26നു പുലർച്ചെ ചെട്ടികുളങ്ങര ക്ഷേത്ര ദർശനത്തിനു പോയ വയോധികയുടെ മാല പൊട്ടിച്ചു എന്നായിരുന്നു രമേശൻ്റെ പേരിലെ കേസ്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവ ദിവസം തന്നെ രമേശനെ പൊക്കി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-89.jpg)

സംഭവം നടക്കുമ്പോൾ സ്കൂ‌ൾ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമേശനു കേസിൽ പ്രതിയായതോടെ ജോലി പോയി ഒറ്റപ്പെട്ടു. ജാമ്യത്തിലിറങ്ങിയ രമേശൻ കുറച്ചുകാലം കടത്തിണ്ണയിലാണ് അന്തിയുറങ്ങിയത്. മൂന്ന് വർഷത്തോളം ബന്ധുവീട്ടിൽ താമസിച്ചു. പിന്നീടാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. റിമാൻഡിലായ രമേശനെ ജാമ്യത്തിലിറക്കാൻ ആരുമുണ്ടായില്ല. അങ്ങനെ 47 ദിവസം ജയിലിലായി. ഒടുവിൽ പൊലീസ് തന്നെ ഇടപെട്ടാണ് ബന്ധുവിന്റെ സഹായത്തോടെ രമേശനെ ജാമ്യത്തിലിറക്കിയത്. ഇതിനിടെ ചെട്ടികുളങ്ങര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പതിനെട്ട് മാല മോഷണം നടത്തിയ പത്തിയൂർ സ്വദേശിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ഉണ്ടായി. ചെട്ടികുളങ്ങരയിൽ വയോധികയുടെ മാല മോഷ്ടിച്ചതു താനാണെന്ന് ചോദ്യം ചെയ്യലിനിടെ അയാൾ പൊലീസിനോടു സമ്മതിച്ചു. എന്നാൽ വയോധിക ആദ്യം നൽകിയ മൊഴിയിൽ ഉറച്ചു നിന്നതോടെയാണ് രമേശൻ നിയമ പോരാട്ടത്തിനിറങ്ങിയത്. പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചെങ്കിലും രമേശൻ കുറ്റക്കാരനാണെന്നു തെളിയിക്കാൻ കഴിഞ്ഞില്ല മോഷണം പോയ മാല കോടതിയിൽ ഹാജരാക്കാനുമായില്ല. അങ്ങനെ രമേശനെ വിട്ടയച്ചു കൊണ്ട് മജിസ്ട്രേട്ട് സൂര്യ എസ്. സുകുമാരൻ്റെ ഉത്തരവ് വന്നു. ഇപ്പോൾ മാവേലിക്കരയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ് കള്ളനാക്കപ്പെട്ട രമേശൻ. വേദനയുടെയും അപമാനത്തിൻ്റെയും ഒറ്റപ്പെടലിൻ്റെയും കഴിഞ്ഞ കാല വേദനയിലും സംതൃപ്തിയുടെ ചെറുചിരിയോടെ...