> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുളക്കുളം-ചന്തപ്പാലം-വടയാർ-മുട്ടുചിറ റോഡിന് ശാപമോക്ഷമാകുന്നു
- URL: https://www.vaikomvartha.com/alochanayogam-k-binimon-mla/
- Published: 2026-06-12T14:41:37.000Z
- Updated: 2026-06-13T04:31:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

തലയോലപ്പറമ്പ്: പാതി വഴിയിൽ നിലച്ച്, നാല് വർഷത്തോളമായി തകർന്നു കിടക്കുന്ന മുളക്കുളം ചന്തപ്പാലം വടയാർ മുട്ടുചിറ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി കെ. ബിനിമോൻ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ റോഡ് നിർമ്മാണം 2027 മെയ് മാസത്തിന് മുൻപ് പൂർത്തീകരിക്കുവാൻ തീരുമാനമായി. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും കരാറുകാരും പങ്കെടുത്തു. റോഡിൻ്റെ ഡി.പി.ആറിൽ സംഭവിച്ച അപാകത പരിഹരിച്ച് ആവശ്യമായ സ്ഥലങ്ങളിൽ ഓടകളും കലുങ്കുകളും നിർമ്മിക്കും. റോഡിൽ അപകടകരമായ സ്ഥലങ്ങളിൽ അടിയന്തിരമായി നിർമ്മാണം നടത്തും. റോഡിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും ജലവിതരണ കുഴലുകളും മഴക്കാലത്ത് തന്നെ മാറ്റിസ്ഥാപിക്കും. മഴമാറിയാൽ നിർമ്മാണം ത്വരിതമാക്കി പൂർത്തീകരിക്കുവാനും തീരുമാനമായി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566136-20.jpg)

23 കിലോമീറ്റർ ദൂരം വരുന്ന മുളക്കുളം, ചന്തപ്പാലം, വടയാർ, മുട്ടുചിറ റോഡിൻ്റെ നിർമ്മാണത്തിന് 112 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ജർമ്മൻ സാമ്പത്തിക സഹായത്തോടെയാണ് റോഡ് നിർമ്മിക്കുവാൻ ലക്ഷ്യമിട്ടത്. കെ.എസ്.ടി.പിക്കാണ് നിർമ്മാണ ചുമതല. കോൺക്രീറ്റ് ചെയ്ത് റോഡിൻ്റെ സംരക്ഷണ ഭിത്തിയടക്കം നിർമ്മിക്കുന്നതിനാണ് പദ്ധതിയിട്ടത്. രണ്ട് വർഷമായിരുന്നു കരാർ കലാവധി. എന്നാൽ കരാറുകാർക്ക് സർക്കാർ പണം അനുവദിക്കാത്തതിനെ തുടർന്നാണ് ആദ്യം നിർമ്മാണം പ്രതിസന്ധിയിലായത്. നിർമ്മാണത്തിന് വേണ്ടി മുൻപുണ്ടായിരുന്ന റോഡ് പൊളിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും നിർമ്മാണത്തിൻ്റെ ഇരുപത്തഞ്ച് ശതമാനം മാത്രമെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളു. റോഡ് നിർമ്മാണത്തിന് കരാർ ഏറ്റെടുത്ത കമ്പനി പിന്നീട് പണി ഉപേക്ഷിച്ചു പോയി. എന്നാൽ നിർമ്മാണത്തിന് ചെലവഴിച്ച തുകയേക്കാൾ ഈ കമ്പനിക്ക് സർക്കാർ നൽകിയതിന് പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. പിറവം റോഡ് റെയിൽവെസ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, സ്കൂളുകൾ, കെ.പി.പി.എൽ, വിവിധ സർക്കാർ ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ജനങ്ങളുടെ ഏക യാത്രാമാർഗ്ഗമാണ് ഈ റോഡ്. ഈ പദ്ധതിയുടെ ഭാഗമായി വെള്ളൂരിൽ നിന്നും മുളക്കുളത്തേക്കുള്ള റോഡും നിർമ്മാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000571490-22.jpg)

വെട്ടിക്കാട്ടുമുക്കിൽ നിന്നും അടിയം വഴി തലയോലപ്പറമ്പിലേക്കുള്ള റോഡും വടയാർ മുതൽ മുട്ടുചിറ വരെയുള്ള റോഡും ഈ നിർമ്മാണത്തിൻ്റെ ഭാഗമായി തകർന്നു കിടക്കുകയാണ്. നിർമ്മാണത്തിനു വേണ്ടി പഴയ റോഡ് പൊളിച്ചത് ഓടകൾ അടഞ്ഞതിനും വെള്ളക്കെട്ടിനും കാരണമാണ്. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. പുതുതായി എസ്റ്റിമേറ്റ് തയ്യാറാക്കി തുക അനുവദിച്ച് ടെണ്ടർ നടപടികൾ നടത്തിയാണ് കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്നത്. യോഗത്തിൽ കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോസ് വേലിക്കകം, സാജിത യൂസഫ്, ജനപ്രതിനിധികളായ വിജയമ്മ ബാബു, കുര്യാക്കോസ് തോട്ടത്തിൽ, അനിത സുഭാഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ. ഷിബു, അബ്ദുൾ സലീം, കെ.കെ. സിദ്ധിക്ക്, ജോയി കൊച്ചാനാപ്പറമ്പിൽ, ജോൺ ചേമ്പാലയിൽ, വി.ടി. ജയിംസ്, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ദീപ, കരാറുകാരുടെ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.