> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അമ്മവീട്ടിൽ ഇനിയും അമ്മമാരെത്തും
- URL: https://www.vaikomvartha.com/ammviitttti-iniyun-ammmaarettun/
- Published: 2026-02-22T14:22:49.000Z
- Updated: 2026-02-22T14:22:49.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

**വിഷ്ണു**

ഞീഴൂർ: കാട്ടാമ്പാക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന നിത്യസഹായകൻ ട്രസ്റ്റിന്റെ അമ്മവീട് അഗതി ഭവൻ നിറഞ്ഞതിനാൽ ഇനി പുതുതായി വരുന്ന അമ്മമാർക്ക് വേണ്ടി പന്ത്രണ്ട് കട്ടിലുകൾ കൂടി ഇടാൻ പറ്റുന്ന തരത്തിൽ അഗതി ഭവനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭവനങ്ങളിൽ നിന്നും തെരുവുകളിലേക്ക് പുറംതള്ളപ്പെടുന്നവർ ഏറെയും ഏറ്റെടുക്കുവാനുള്ള കരങ്ങൾ പരിമിതവുമായ സാഹചര്യത്തിലാണ് ആരുമില്ലാതെ, ഒന്നുമില്ലാതെ തളർന്നു കിടക്കുന്ന, ജീവശ്വാസം മാത്രമായി അസ്ഥിപഞ്ജരം കണക്കെ തെരുവുകളിൽ തള്ളപ്പെടുന്ന അമ്മമാരെ ഏറ്റെടുക്കുവാൻ നിത്യസഹായകന്റെയും അമ്മവീടിന്റെയും പ്രവർത്തകർ സെക്രട്ടറി സിന്ധു അനിലിൻ്റെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങുന്നത്. നിത്യസഹായകൻ ഏറ്റെടുക്കുന്ന അമ്മമാർ ചുരുങ്ങിയ കാലയളവിനുള്ളിൽ ആരോഗ്യം വീണ്ടെടുത്ത് അമ്മവീട്ടിൽ സജീവമാകുന്നു. 17 അമ്മമാരും അടക്കം, ജീവനക്കാരും നഴ്സുമാരും അടക്കം 32 പേർ അമ്മ വീട്ടിൽ ഇപ്പോൾ ഉണ്ട്. പ്രാർത്ഥനയും കൃത്യമായ ചികിൽസയും, സ്നേഹ പരിചരണവും ഇവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നു. അമ്മമാരുടെ ഭവനത്തിന് സൗകര്യം വർദ്ധിപ്പിക്കുവാനുള്ള 12 ഹോസ്പിറ്റൽ കട്ടിലുകൾ കൂടി ആവശ്യമുണ്ട്. പ്രാർത്ഥനയാലും, വാക്കാലും, പ്രവർത്തിയാലും സഹായിക്കുവാൻ കഴിയുന്നവർ ഒപ്പമുണ്ടെന്ന വിശ്വാസമാണ് ഇതിൻ്റെ സംഘാടകരെ മുന്നാട്ട് നയിക്കുന്നത്. കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ: ജിസ് അമ്മനത്തുകുന്നേൽ വെഞ്ചരിച്ച കല്ല് അമ്മവീട് ഭവനത്തിന് വേണ്ടി മേരി ജോർജ് തുരുത്തിപ്പള്ളി തറക്കല്ലിട്ടു. പഞ്ചായത്ത് മെമ്പർ സജിമോൾ ജോസഫ്, ഡോ. നാദ് കൊട്ടാരത്തിൽ, റേച്ചൽ നാദ്, ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ്, രക്ഷാധികാരി തോമസ് അഞ്ചമ്പിൽ, അമ്മവീട് സെക്രട്ടറി സിന്ധു അനിൽ വൈ.പ്രസി. സുരേന്ദ്രൻ കെ.കെ. ജീജോ ജോർജ്ജ്, ത്രേസ്യാമ്മ മഞ്ഞളാമല, ചാക്കോച്ചൻ കുര്യന്തടം, ക്ലാരമ്മ ബാബു, ജയശ്രീ സുരേന്ദ്രൻ, പോൾ മങ്കുഴിക്കരി, സൈമി സിഞ്ചു, ജോതി, സിറിയക് ജോസഫ് അരുണാശേരിൽ, പ്രേംകുമാർ പാലകുന്നേൽ എന്നിവർ പങ്കെടുത്തു.