> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ
- URL: https://www.vaikomvartha.com/apoorva-bandathinte-kadha/
- Published: 2026-06-17T17:00:49.000Z
- Updated: 2026-06-17T17:00:49.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: അദ്ധ്യാപന ജീവിത കാലഘട്ടത്തിലെ പ്രിയപ്പെട്ട വിദ്യാർത്ഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിൻ്റെ ഭാഗമായി നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷം പങ്കു വച്ചു ഒരു നിയമ സഭ സമാജികൻ. ആരാണെന്നല്ലെ കാഞ്ഞിരപ്പള്ളി എം.എൽ.എ. റോണി കെ. ബേബി. നമ്മുടെ വൈക്കത്തെ വെള്ളൂർ സ്വദേശിയായിരുന്ന നിലവിലെ പാലക്കാട് എം.എൽ.എ രമേഷ് പിഷാരടിയും വൈക്കം എം.എൽ.എയായ കെ. ബിനിമോനും ആണ് ആ വിദ്യാർത്ഥികൾ എന്നറിയുമ്പോൾ വൈക്കംകാർക്കും ഒരു കൗതുകം ഇല്ലേ. കൗതുകം മാത്രമല്ല ഒരു വിസ്മയവും ആകാം. ആ കഥ റോണി കെ. ബേബി എം.എൽ.എ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചതാണ്.

അദ്ധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു ഇന്നത്തെ പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവ്വമായിരുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര ശാസ്ത്ര വിഷയത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം എന്നെ അൽഭുതപ്പെടുത്തിയിരുന്നു. കലാകാരൻ്റെ ഉള്ളിലെ രാഷ്‌ട്രീയ ബോധത്തെ അന്നുതന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിൻ്റെ രാഷ്ട്രീയ വഴിയെ അതേ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തുമ്പോൾ അഭിമാനം, സന്തോഷം. രമേഷ് പിഷാരടിക്ക് എല്ലാ ആശംസകളും.  
ദേ പിന്നെ വൈക്കം എം.എൽ.എ കെ. ബിനി മോനെപ്പറ്റി പറയുന്നത്  
ഡി.ബി കോളേജിലെ താൽക്കാലിക ജോലിക്കു ശേഷം എനിക്ക് നിയമനം ലഭിച്ചത് വൈക്കം കൊതവറ സെൻ്റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ എൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു ബി.എ ഇക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എം.എൽ.എ കെ. ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിൻ്റെ സബ്‌സിഡിയറിയായിരുന്നു ഞാൻ പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്. കോളേജിലെ കെ.എസ്.യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിൻ്റെ കോട്ടയിൽ നിന്നും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും ഞാൻ ഓർക്കുന്നു. അതേ അദ്ഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു. അന്നൊരിക്കൽ കെ.എസ്.യു സമരകാലത്ത് സമരം നയിച്ച് ക്ലാസിൽ എത്തിയ ബിനിമോനെ ക്ലാസിൽ നിന്നും ഇറക്കിവിട്ടതിൻ്റെ പേരിൽ ഇന്നും ബിനിമോൻ എന്നോട് പരിഭവം പറയാറുണ്ട്. പ്രിയപ്പെട്ട വൈക്കം എം.എൽ.എക്ക് ആശംസകൾ.  
ഇതാണ് ആ അദ്ധ്യാപികനായിരുന്ന, ഇപ്പോഴത്തെ ഒപ്പമുള്ള സഹപ്രവർത്തകരായ നിയമസഭസാമാജികരെപ്പറ്റി റോണി കെ. ബേബി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് രാഷ്ട്രീയത്തിൽ ഒന്നും അസംഭ്യവമല്ല. അല്ലേ.