> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അറ്റുപോയ ആചാരത്തിന് അനുഗ്രഹത്തുടർച്ച; ആറ്റുവേലച്ചാടിന് തേക്കുമരം സമർപ്പിച്ചു
- URL: https://www.vaikomvartha.com/arrrrupooy-aacaarttin-anugrhttutt-cc-aarrrruveelccaattin-teekkumrn-sm-ppiccu/
- Published: 2026-02-15T10:56:31.000Z
- Updated: 2026-02-15T11:43:46.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

**കെ. കൃഷ്ണകുമാർ**

വൈക്കം: നാട്ടരചൻ്റെ പിൻതലമുറക്കാർ ദേശ ദേവതയുടെ മഹോത്സവത്തിന് ആചാരത്തനിമയിൽ തേക്ക് തടി സമർപ്പിച്ചു. ചെമ്പട്ടുടുത്ത് അര മണികിലുക്കി എത്തിയ കോമരം തേക്ക് മരത്തിൽ പള്ളിവാളുകൊണ്ട് കൊത്തുന്നതായിരുന്നു ചടങ്ങ്. ഭക്തിയും വിശ്വാസവും ചരിത്രവും ഇഴചേർന്ന ചടങ്ങ് ഞായറാഴ്ച ഉച്ചയ്ക്ക് 12നും 12.30 നും ഇടയിലെ ശുഭമുഹൂർത്തത്തിൽ ചരിത്രത്തിൻ്റെ തനിയാവർത്തനമായി വൈക്കം വടക്കുംകൂർ കൊട്ടാര മുറ്റത്ത് നടന്നത്. ചരിത്ര പ്രസിദ്ധമായ വടയാർ ഇളങ്കാവ് ആറ്റുവേല മഹോത്സവത്തിനായി നിർമ്മിക്കുന്ന അലങ്കാര ക്ഷേത്ര മാളികയ്ക്കു വേണ്ടിയാണ് തേക്കു തടി ക്ഷേത്ര ഭാരവാഹികൾ രാജകുടുംബാംഗങ്ങളിൽ നിന്നും ഏറ്റുവാങ്ങിയത്. 

0:00 

/0:11 

1× 

ദേവിയുടെ പ്രതിനിധിയായി എത്തിയ വെളിച്ചപ്പാട് പ്രധാന കാർമികത്വം വഹിച്ചു.

മീനമാസത്തിലെ അശ്വതി നാളിൽ തൻ്റെ അനുജത്തിയായ ഇളങ്കാവിൽ ഭഗവതിയെ കൊടുങ്ങല്ലൂർ ദേവി കാണാനെത്തുന്നു എന്നാണ് ആറ്റുവേലയുടെ ഐതീഹൃം. ആറ്റുവേലക്കായി ചാടു തയ്യാറാക്കാൻ അമ്പലപ്പുഴയിൽ നിന്നും മറ്റുമായി വൈദഗ്ധ്യമുള്ള തച്ചൻമാരെ കൊണ്ട് വന്ന് സ്ഥലവും സ്ഥാനമാനങ്ങളും നൽകിയ രാജാവ് ആറ്റുവേല ചാട് നിർമ്മാണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ഓരോ ചടങ്ങിനും വിവിധ സമുദായങ്ങളിൽപ്പെട്ടവർക്ക് അവകാശങ്ങളും നൽകി. നൂറ്റാണ്ടുകൾ പിന്നിട്ടു. രാജഭരണം അവസാനിച്ചു. എങ്കിലും നാടും നാട്ടുകാരും വിശ്വാസ പാരമ്പര്യത്തിൽ ഇന്നും ആറ്റുവേല മഹോത്സവം ഗരിമയോടു കൂടി ആഘോഷിക്കുന്നു. വടക്കുംകൂർ രാജാവ് മണമേൽക്കടവിലെ കൊട്ടാരത്തിൽ രണദേവതയായി തേവാര മൂർത്തി സങ്കൽപ്പത്തിൽ ആരാധിച്ചു വന്ന ദേവീ ബിംബം പിന്നീട് മുവാറ്റുപുഴ ആറിൻ്റെ മറുകരയിൽ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിക്കുകയായിരുന്നു. കുംഭത്തിലെ കൊടിയേറ്റ് ഉത്സവവും മീനത്തിലെ ആറ്റുവേലയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.

ആറ്റുവേല മഹോത്സവം ഒരു നാടിൻ്റെ ഉത്സവം മാത്രമല്ല, കാലം കാത്തുസൂക്ഷിക്കുന്ന ഒരു പാരമ്പര്യത്തിന്റെ തിരുശേഷിപ്പു കൂടിയാണ്. ഓളപ്പരപ്പിൽ ഒഴുകുന്ന അലങ്കാര ദൃശ്യവിസ്മയമായി മാറുന്ന ആറ്റുവേലച്ചാട് നാടിൻ്റെ തച്ചുശാസ്ത്ര വൈദഗ്ദ്ധ്യത്തിൻ്റെ കൈയ്യൊപ്പു ചാർത്തിയ അടയാളമാണ്. മൂന്നു നിലകളിലായി ഉയരുന്ന ക്ഷേത്രമാളികയുടെ നിർമ്മാണം, ഒരു സാധാരണ തച്ച് ശില്പപ്രവർത്തിയല്ല; ദൈവാനുമതിയോടെ ആരംഭിക്കുന്ന സമർപ്പണത്തിൻ്റെ ആചാരമാണ്. ഈ പുണ്യകർമ്മത്തിന് തുടക്കം കുറിക്കുന്നത് തേക്കുമരം മുറിക്കുന്ന ചടങ്ങിലൂടെയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ ചടങ്ങിന് ഇക്കുറി വേദിയായത് വടക്കുംകൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പുരയിടമായെന്നത് ചരിത്ര നിയോഗമായി മാറി.

രാജവംശത്തിന്റെ പാരമ്പര്യവും ദേവീസങ്കൽപ്പവും ചേർന്ന വേദിയിൽ ഓലക്കുട ചൂടിയെത്തിയ വെളിച്ചപ്പാട് പള്ളിവാൾ കൊണ്ട് മരത്തിൽ കൊത്തിയപ്പോൾ മീനത്തിലെ അശ്വതി നാളിൽ നടക്കുന്ന ആറ്റുവേല മഹോത്സവത്തിന് നാന്ദി കുറിക്കുകയായിരുന്നു.  
ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് സുരേന്ദ്രൻ. സെക്രട്ടറി സിജീഷ് സുരേന്ദ്രൻ, അംഗങ്ങളായ കനൽ ലാൽ, വടക്കുംകൂർ രാജകുടുംബത്തെ പ്രതിനിധീകരിച്ച് ശാന്തകുമാരി രാജ, പ്രൊഫ. രാജേന്ദ്രൻ, അഞ്ജന വർമ്മ എന്നിവരും പങ്കെടുത്തു.