> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ്
- URL: https://www.vaikomvartha.com/asankayetti-vendum-maza-munnariyippu/
- Published: 2026-08-06T14:53:22.000Z
- Updated: 2026-08-07T17:39:48.000Z
- Description: വൈക്കം: വീണ്ടും തീവ്രമഴ സാധ്യത അറിയിപ്പ് വന്നതോടെ വെള്ളപ്പൊക്ക മേഖലയിൽ ആശങ്കയേറുകയാണ്. വെള്ളമിറങ്ങാൻ തുടങ്ങിയപ്പോഴാണ് വീണ്ടും കനത്ത മഴസാധ്യത ഉയരുന്നത്.
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: വീണ്ടും തീവ്രമഴ സാധ്യത അറിയിപ്പ് വന്നതോടെ വെള്ളപ്പൊക്ക മേഖലയിൽ ആശങ്കയേറുകയാണ്. വെള്ളമിറങ്ങാൻ തുടങ്ങിയപ്പോഴാണ് വീണ്ടും കനത്ത മഴസാധ്യത ഉയരുന്നത്. ഇതോടെ ദുരിതാശ്വാസക്യാമ്പുകളിൽ കൂടുതൽ ആളുകൾ എത്തിയിട്ടുണ്ട്. 

ദുരിതാശ്വാസകേന്ദ്രങ്ങളിൽ പകർച്ചവ്യാധി മുന്നിൽ കണ്ട് ഡോക്ടർമാരുടെ സംഘം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടത്തുകയാണ്. ജനപ്രതിനിധികളുടെ ആവശ്യപ്രകാരം കാരിത്താസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം വൈക്കത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി. രണ്ടുദിവസം ക്യാമ്പുകളിൽ ഇവർ പരിശോധന നടത്തി ആവശ്യമെങ്കിൽ മരുന്നുകൾ സൗജന്യമായി നൽകും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-21.jpg)

ഇതിനിടെ ജനപ്രതിനിധികളുടെ ക്യാമ്പ് സന്ദർശനവും തുടരുകയാണ്. മന്ത്രി മോൻസ് ജോസഫും വൈക്കം എം.എൽ.എ കെ. ബിനിമോനും ക്യാമ്പുകളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രി മോൻസ് ജോസഫ് ആയാംകുടി എഴുമാന്തുരുത്ത് ക്യാമ്പുകളിൽ എത്തി. കെ. ബിനിമോൻ എം.എൽ.എ വൈക്കത്തെ വിവിധ ക്യാമ്പുകളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യമുറപ്പാക്കാൻ റവന്യൂ സംഘവും രാപകലില്ലാതെ പ്രവർത്തിക്കുകയാണ്. വെള്ളപ്പൊക്ക മേഖലയിൽ ജലനിരപ്പിന് ഇന്ന് കാര്യമായ കുറവുണ്ടായിട്ടില്ല. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000648975.jpg)

വൈക്കം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും സന്ദർശനം നടത്തി. ഉദയനാപുരം പഞ്ചായത്തിൽ 1,500ളം വീടുകളിൽ വെള്ളം കയറിയതായാണ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു അറിയിച്ചത്. കോട്ടയം ജില്ലയിൽ 139 ദുരിതാശ്വാസക്യാമ്പുകളിലായി 12,063 പേർ എത്തിയതായാണ് ഔദ്യോഗിക വിവരം. അതിൽ പുരുഷന്മാർ: 5,019, സ്ത്രീകൾ: 5,396, കുട്ടികൾ: 1,648, എന്നിങ്ങനെയാണ് കണക്ക്.