> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഏഷ്യന്‍ ഗെയിംസ്: വനിതാ കബഡിയില്‍ ഇറാനെ വീഴ്ത്തി ഇന്ത്യയ്ക്ക് സ്വർണം
- URL: https://www.vaikomvartha.com/asian-games/
- Published: 2026-09-26T09:22:41.000Z
- Updated: 2026-09-26T09:22:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

ഐച്ചി-നഗോയ(ജപ്പാൻ):​ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ഐച്ചി-നഗോയയിലെ ടോക്കായ് സിറ്റിസൺ ജിംനേഷ്യത്തിൽ നടന്ന ആവേശകരമായ വനിതാ കബഡി ഫൈനലിൽ ഇറാനെ തകർത്തിരിക്കുകയാണ് ഇന്ത്യൻ ടീം. 37-34 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ സുവർണ്ണനേട്ടം. ടൂര്‍ണമെന്റിലുടനീളം ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യൻ വനിതകൾ സ്വർണം നിലനിർത്തിയത്.

​**കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം**

​ഇറാന്റെ ശക്തമായ വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. സഞ്ജു ദേവി, നികിത, പൂജ എന്നിവരുടെ മികച്ച റെയ്ഡുകളിലൂടെ ആദ്യ പകുതിയില്‍ 22-16 എന്ന സ്‌കോറിന് ഇന്ത്യ ലീഡ് നേടി. രണ്ടാം പകുതിയിൽ സാനിയ നയിമിയുടെ റെയ്ഡുകളിലൂടെ ഇറാൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയെ ഓൾ ഔട്ട് ആക്കാൻ സാധിക്കാത്തത് അവർക്ക് തിരിച്ചടിയായി.

​മത്സരം അവസാനിക്കാൻ എട്ട് മിനിറ്റ് മാത്രം ശേഷിക്കെ അറ്റേന മദാദിയുടെ മികവില്‍ ഇറാന്‍ ഇന്ത്യയെ 'ഓള്‍ ഔട്ട്' ആക്കുകയും പോയിന്റ് വ്യത്യാസം കുറയ്ക്കുകയും ചെയ്തു. എന്നാൽ, സമ്മർദ്ദത്തിന് അടിപ്പെടാതെ മികച്ച പ്രതിരോധവും റെയ്ഡിങ്ങും പുറത്തെടുത്ത ഇന്ത്യൻ താരങ്ങൾ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്വർണം ഉറപ്പിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-18.jpg)

​**കബഡിയിലെ ഇന്ത്യൻ ആധിപത്യം**

​പൂള്‍ എ-യിൽ ബംഗ്ലാദേശിനെയും ജപ്പാനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. 2010-ൽ വനിതാ കബഡി ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയതിന് ശേഷം, 2018-ലെ ജക്കാർത്ത ഗെയിംസിലൊഴികെ മറ്റെല്ലാ എഡിഷനുകളിലും ഇന്ത്യ തന്നെയാണ് സ്വർണം നേടിയത് (2018-ൽ വെള്ളി മെഡൽ).

​ഏഷ്യൻ ഗെയിംസ് കബഡി ചരിത്രത്തിൽ ഇന്ത്യയുടെ പന്ത്രണ്ടാമത്തെ സ്വർണ്ണമാണിത്. ഇതിൽ എട്ട് തവണ പുരുഷ ടീമാണ് സ്വർണം നേടിയത്. ഇന്ന് വൈകിട്ട് നടക്കുന്ന പുരുഷ വിഭാഗം ഫൈനലിലും ഇന്ത്യ ഇറാനുമായി ഏറ്റുമുട്ടും.

​**ഇന്ത്യയുടെ മറ്റ് സ്വർണ്ണ നേട്ടങ്ങൾ**

​വനിതാ ക്രിക്കറ്റ് ടീമാണ് ഈ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. തുടർന്ന് 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സുരുചി സിംഗ് ഫോഗട്ട് - കമൽജീത് സഖ്യം രണ്ടാമത്തെ സ്വർണ്ണവും രാജ്യത്തിന് സമ്മാനിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വനിതാ കബഡി ടീമിന്റെ സുവർണ്ണനേട്ടം.