> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്: ഈ ഞായറാഴ്ച ബാങ്ക് പ്രവർത്തിദിനം
- URL: https://www.vaikomvartha.com/bank-strike-2/
- Published: 2026-09-23T16:03:04.000Z
- Updated: 2026-09-23T16:03:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ബാങ്ക് ജീവനക്കാർ ഈ മാസം 28 മുതൽ മൂന്ന് ദിവസം പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27) എല്ലാ ബാങ്കുകൾക്കും പ്രവർത്തി ദിവസമാക്കി. ഞായറാഴ്ച പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്‌ഥതയിൽ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ തിങ്കളാഴ്‌ച മുതലുള്ള പണിമുടക്ക് ഉറപ്പായി. പണിമുടക്കിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ തീരുമാനം. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിന് പുറമെ ഒക്ടോബർ 26 മുതൽ അനിശ്ചിത കാല പണിമുടക്കും ആരംഭിക്കാനാണ് തീരുമാനം. അതേസമയം, സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പ്രധാനശാഖകൾ പണിമുടക്ക് ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ സമരത്തെ നേരിടുന്നതിനായി ധനമന്ത്രാലയം വാർ റൂം തുറക്കും. ഓരോ ബാങ്കിൽ നിന്നും നോഡൽ ഓഫിസർമാരെയും ഉൾപ്പെടുത്തും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016.jpg)

ക്രമസമാധാന പ്രശ്‌നങ്ങൾ നേരിടുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധികളും ഉണ്ടാകും. സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടും കേന്ദ്രസർക്കാർ തേടിയിട്ടുണ്ട്. പണിമുടക്ക് നിരീക്ഷിക്കാൻ മോണിറ്ററിങ് സമിതികൾ കൂടണമെന്നും കറൻസി ചെസ്റ്റുകൾ, ക്ലിയറിങ് സെന്ററുകൾ, ഡേറ്റ സെന്ററുകൾ എന്നിവ പൂർണമായും പ്രവർത്തിക്കണമെന്നും സർക്കാർ നിർദേശമുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ പൂർണമായി പ്രവർത്തിപ്പിക്കുന്നതിനൊപ്പം പണിമുടക്കിൽ സഹകരിക്കാത്ത ജീവനക്കാരെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ നിന്നുള്ളവരെയും പ്രയോജനപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.