> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബിന്ദുവിന്റെ കുടുംബത്തിന്  സർക്കാർ സഹായധനം കൈമാറി
- URL: https://www.vaikomvartha.com/binduvinrre-kuttunbttin-s-kkaa-shaaydhnn-kaimaarri/
- Published: 2025-08-08T13:40:08.000Z
- Updated: 2025-08-08T13:40:08.000Z
- Author:  Vaikom Vartha News Desk
- Tags: Kottayam, ജില്ലാ വാർത്തകൾ

വൈക്കം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടത്തിൻ്റെ ഭാഗം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ ബിന്ദുവിന് സർക്കാർ പ്രഖ്യാപിച്ച സഹായധനം കൈമാറി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ബിന്ദുവിൻ്റെ വീട് സന്ദർശിച്ച സഹകരണ - തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ 10 ലക്ഷം രൂപയുടെ ചെക്ക് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതമ്മ, മകൻ നവനീത് എന്നിവർക്ക് കൈമാറി. ബിന്ദുവിന്റെ മരണത്തേത്തുടർന്ന് അടിയന്തര സഹായധനമായി 50,000 രൂപ നേരത്തേ സർക്കാർ നൽകിയിരുന്നു. സി.കെ. ആശ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, എ.ഡി.എം. എസ്. ശ്രീജിത്ത്, വടയാർ വില്ലേജ് ഓഫീസർ മോളി ഡാനിയേൽ, സി പി എം ഏരിയ സെക്രട്ടറി ഡോ.സി.എം കുസുമൻ എന്നിവർ ഒപ്പം എത്തിയിരുന്നു. ബിന്ദുവിന്റെ കുടുംബത്തോടൊപ്പം സർക്കാർ എന്നുമുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മകൾ നവമിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകി. മകൻ നവനീതിന് ദേവസ്വം ബോർഡിൽ ജോലി നൽകാൻ മന്ത്രിസഭയുടെ ശുപാർശ പ്രകാരം ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്നും അപേക്ഷ ലഭിച്ചാലുടൻ ജോലിയിൽ പ്രവേശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എം.ജി. സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽവീടിന്റെ നിർമ്മാണം നാളെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.