> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം
- URL: https://www.vaikomvartha.com/bjp-kerala/
- Published: 2026-08-11T15:44:44.000Z
- Updated: 2026-08-13T08:22:26.000Z
- Description: തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പി ആഭ്യന്തര അന്വേഷണം നടത്തുന്നു. കുമ്മനം രാജശേഖരനും ജേക്കബ് തോമസും ഉൾപ്പെടുന്ന സമിതിയാണ് തട്ടിപ്പ് അന്വേഷിക്കുന്നത്
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Thiruvananthapuram

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പി ആഭ്യന്തര അന്വേഷണം നടത്തുന്നു. കുമ്മനം രാജശേഖരനും ജേക്കബ് തോമസും ഉൾപ്പെടുന്ന സമിതിയാണ് തട്ടിപ്പ് അന്വേഷിക്കുന്നത്. ആരോപണ വിധേയരായ പാർട്ടി നേതാക്കളുടെ മൊഴിയെടുത്തു. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ പാർട്ടി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നതടക്കമാണ് യോഗത്തിൽ വിമർശനമുയർന്നതെന്നാണ് വിവരം. ജനറൽ സെക്രട്ടറി എസ്. സുരേഷിനെ പദവിയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെ ആവശ്യപ്പെട്ടിരുന്നതായും വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പാർട്ടി രേഖകൾ പുറത്തുപോയതിലും അന്വേഷണം നടത്തും. തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരേ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിൽ  
രൂക്ഷവിമർശനമുണ്ടായിരുന്നു. വി. മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയതോടെ പാർട്ടിയിലെ ആഭ്യന്തര തർക്കം രൂക്ഷമായിട്ടുണ്ട്. പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്യുന്ന വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടുന്നതിൽ സംസ്ഥാന നേതൃത്വത്തിൻ്റെ അതൃപ്തിയും പ്രകടമായിട്ടുണ്ട്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്ന് കോർ കമ്മിറ്റിയിൽ ഒരു വിഭാഗം ഉന്നയിച്ചെങ്കിലും മറുവിഭാഗം എതിർത്തു. സംസ്ഥാനത്ത് മൂന്ന് നിയമസഭാ സീറ്റുകൾ കിട്ടിയതിന് ശേഷമാണ് ബി.ജെ.പിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ഭിന്നതയുണ്ടായിരിക്കുന്നത്.