> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച്: ബാരിക്കേഡ് മറിച്ചിടാൻ ശ്രമം, പോലീസുമായി ഉന്തും തള്ളും
- URL: https://www.vaikomvartha.com/bjp-polic-station-march-vellore/
- Published: 2026-07-15T11:40:06.000Z
- Updated: 2026-07-15T11:50:28.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വെള്ളൂരിൽ ബി.ജെ.പി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസുമായി നേരിയ ഉന്തും തള്ളുമുണ്ടായി. ബി.ജെ.പി പ്രവർത്തകനും കെ.പി.എം.എസ് ശാഖാ സെക്രട്ടറിയുമായ അറയ്ക്കൽ അജയഘോഷിനെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി വെള്ളൂർ ഏരിയാ കമ്മറ്റി വെള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞു. തുടർന്നാണ് ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചത്. അജയഘോഷിനെ ആക്രമിച്ച കേസിൽ വധശ്രമം, പട്ടികജാതി പീഡന വകുപ്പ് പ്രകാരം വെള്ളൂർ പോലീസ് കേസെടുത്തിരുന്നു. എന്നാൽ പട്ടികജാതി പീഡന വകുപ്പ് ശ്രമം ആയതിനാൽ അന്വഷണം വൈക്കം ഡി.വൈ.എസ്.പിയ്ക്ക് കൈമാറി. 

അജയഘോഷിന്റെ മൊഴി അനുസരിച്ച് പ്രതി പട്ടികയിൽ ഉൾപ്പെട്ടവരിൽ ചിലരെ ഒഴിവാക്കാൻ വെള്ളൂർ സ്റ്റേഷനിലെ ചില പോലീസ് ഉദ്യേഗ്രസ്ഥർ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ മാർച്ച് നടന്നത്. പോലീസും മണ്ണ് കടത്തുമായ ബന്ധമുള്ള സി.പി.എം പ്രവർത്തകരും തമ്മിലുള്ള ഒത്തുകളി മൂലമാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത്   
എന്നാണ് ബി.ജെ.പി പ്രവർത്തകരുടെ പരാതി. എന്നാൽ നടപടി ക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് വെള്ളൂർ സി.ഐ റിയാസ് പറഞ്ഞത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-50.jpg)

പോലീസ് സ്റ്റേഷൻ മാർച്ച് ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.ജി. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. തലയോലപറമ്പ് മണ്ഡലം പ്രസിഡന്റ് സുമേഷ് കൊല്ലേരി, വെള്ളൂർ ഏരിയാ പ്രസിഡന്റ് വിജയകുമാർ പുലരി, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. വാസൻ, പി.ഡി. സുനിൽ ബാബു, ഷിബു കുട്ടൻ ഇറുമ്പയം, പി.വി. സുരേന്ദ്രൻ, ടി.വി. മിത്ര ലാൽ, അമ്പിളി അജിത്ത് , സേതു, എം.കെ. രാധാകൃഷ്ണൻ, സരസൻ തോന്നല്ലൂർ, ലക്ഷമണൻ നായർ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.