> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ
- URL: https://www.vaikomvartha.com/bus-shelter-vaikom-valiya-kavala/
- Published: 2026-06-17T14:41:46.000Z
- Updated: 2026-06-17T14:41:46.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. ഇ.വി.ആർ സ്മാരകത്തിന് സമീപം പെട്രോൾ പമ്പിന് എതിർഭാഗത്തായുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തൂണുകൾ ദ്രവിച്ച നിലയിൽ അപകടകരമായ നിൽക്കുന്നത്. ദ്രവിച്ചു തകർന്ന ഇരുമ്പു തൂൺ കല്ലുകളിൽ താങ്ങി നിർത്തിയ നിലയിലാണ്. മുൻഭാഗത്തെ തൂണുകൾ മാത്രമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയുടെ പിൻഭാഗം മതിലിൽ താങ്ങിയ നിലയിലാണ്. 

എറണാകുളം ഭാഗത്തേക്ക് അടക്കം നിരവധി യാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളും അടക്കം ബസ് കാത്തിരിക്കുന്ന കേന്ദ്രത്തിനാണ് ഈ അപകടാവസ്ഥ. ഇരുമ്പ് ഷീറ്റിട്ട് ഇരുമ്പ് ഫ്രയിമിൽ നിർമ്മിച്ചിരിക്കുന്ന ബസ് ഈ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മേൽക്കൂര യാത്രക്കാരുടെ മേൽ ഇടിഞ്ഞ് വീഴാൻ സാധ്യത ഏറെയാണ്. തിരക്കുള്ള സമയത്ത് അപകടം ഉണ്ടായാൽ യാത്രക്കാരുടെ തലയ്ക്കടക്കം പരിക്കേറ്റുള്ള ദുരന്തസാധ്യതയാണ് ഇവിടെയുള്ളത്. കഴിഞ്ഞദിവസം തൂണിന്റെ അപകടാവസ്ഥയെ അറിയാതെ തൂണിൽ ചാരിയ യാത്രക്കാരൻ മറിഞ്ഞുവീണ് അപകടമുണ്ടായി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566136-27.jpg)

പലപ്പോഴും തൂണിന്റെ അപകടസ്ഥിതി അറിയാതെ പലരും ഇതിൽ ചാരി നിൽക്കുന്നതും അപകടകാരണമാവുകയാണ്. മേൽക്കൂര സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഫ്രെയിമിന്റെയും മറ്റ് ഏതാനും തൂണുകളുടെയും ബലത്തിലാണ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ വീഴാതെ നിൽക്കുന്നത്. മഴയും കാറ്റും ശക്തമായാൽ വലിയ അപകടസാധ്യതയാണ് ഇവിടെ ഉള്ളത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ അപകട അവസ്ഥ ഒഴിവാക്കി യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.