> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൂവാറ്റുപുഴയാറിലെ ദൃശ്യവിസ്മയം: ആറ്റുവേല നാളെ
- URL: https://www.vaikomvartha.com/c/
- Published: 2026-03-19T16:13:06.000Z
- Updated: 2026-03-19T16:38:55.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

**എസ്. സതീഷ്കുമാർ** 

വൈക്കം: ചരിത്രപ്രസിദ്ധമായ വടയാർ ഇളങ്കാവ് ആറ്റുവേല നാളെ നടക്കും. അർദ്ധരാത്രി കഴിഞ്ഞു നടക്കുന്ന വടയാർ ആറ്റുവേല ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നു നിലകളിലായി ഉള്ള ആറ്റുവേലച്ചാടിന്റെ നിർമ്മാണം പൂർത്തിയായി. 

0:00 

/2:11 

1× 

രണ്ടു വള്ളങ്ങൾ ചേർത്ത് അതിലാണ് 18 കോൽ ഉയരത്തിലും 11 കോൽ ചുറ്റളവിലും തേക്കിൻ കഴകൊണ്ടുള്ള മൂന്നു നില ചാട് ഒരുക്കിയത്. അവകാശികളുടെ നേതൃത്വത്തിൽ 15 പേർ ചേർന്നാണ് ആറ്റുവേല ചാട് നിർമ്മിച്ചത്. വൈദ്യുതി ദീപങ്ങൾക്ക് പുറമേ തൂക്കു വിളക്കുകളും ചാടിന് അലങ്കാരമാകും. ഘണ്ടഠാകണ്ണൻ, അനന്തശയനം, ഭീഷ്മർ, വെളിച്ചപ്പാട് എന്നീ രൂപങ്ങളും ദേവി വിഗ്രഹവുമാണ് ആറ്റുവേലചാടിൽ ഉണ്ടാകുന്നത്. മൂവാറ്റുപുഴയാറിലൂടെ ഒഴുകി നീങ്ങുന്ന ചാടിന്റെ രാത്രി ദൃശ്യമാണ് കാഴ്ചയ്ക്കൊപ്പം ഭക്തിയുടെയും ദേവി അനുഗ്രഹത്തിന്റെയും അനുഭവം ഭക്തരിൽ സൃഷ്ടിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/03/1000477144-1.jpg)

ആറ്റുവേലക്കായി ഒരുക്കിയ ചാട്

നാളെ രാവിലെ ഏഴരയുടെ ആറ്റുവേല കടവിലേക്ക് ചാട് കൊണ്ടുപോകും. പുറക്കളത്തിലെ ഗുരുതിക്ക് ശേഷമാണ് ചാടിൻ്റെ മൂന്നാം നിലയിലേക്ക് ദേവിയെ പ്രതിഷ്ഠിക്കുന്നത്. അർദ്ധരാത്രിക്ക് ശേഷം ചാടിൽ കൊടുങ്ങല്ലൂരമ്മ മൂവാറ്റുപുഴയാറിലൂടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതോടെ ഗരുഡൻ തൂക്കച്ചാടുകളും അകമ്പടിയേകും. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമായി നിറദീപങ്ങളും വായ്ക്കുരവകളും തൊഴുകൈകളുമായി പൂക്കൾ വിതറി ഭക്തർ ദേവിയെ വരവേൽക്കും. പുലർച്ചെ ക്ഷേത്രക്കടവിൽ എത്തുന്നതോടെ ആറ്റുവേല ആദർശനം നടക്കും. തുടർന്ന് കൊടുങ്ങല്ലൂർ അമ്മയെ പ്രത്യേകം തയ്യാറാക്കിയ പള്ളി സ്രാമ്പിൽ എഴുന്നള്ളിക്കും. ഗരുഡൻ പറവകൾ ചൂണ്ടകുത്തി പയറ്റി ദേവിയെ പ്രദക്ഷണം ചെയ്യും. പീലി തൂക്കവും അരങ്ങേറും.രാത്രി ദേശത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഗരുഡൻ പറവകൾ ക്ഷേത്രത്തിലെത്തി പയറ്റും.ആചാരാപരമായ പിണ്ടി പിഴുത് ചടങ്ങ് നടത്തി ആചാര തനിമയിലാണ് ആറ്റുവേല ചാടിന്റെ നിർമ്മാണം നടത്തുന്നത്