> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇടുക്കി ഏലപ്പാറയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
- URL: https://www.vaikomvartha.com/car-accident-idukki-2/
- Published: 2026-09-26T07:47:37.000Z
- Updated: 2026-09-26T07:47:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Idukki

**പീരുമേട്:** ഏലപ്പാറ നാലാം മൈൽ പാലത്തിൽ വെച്ച് നിയന്ത്രണം വിട്ട കാർ ചിന്നാർ പുഴയിലേക്ക് മറിഞ്ഞ് അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്‌സ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.15-ഓടെയായിരുന്നു അപകടം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720432-5.jpg)

​വിനോദയാത്രയ്ക്കായി ഇടുക്കിയിലെത്തിയ ഇവർ കുട്ടിക്കാനത്തെ റിസോർട്ടിലായിരുന്നു താമസിച്ചിരുന്നത്. അവിടെനിന്ന് കരിന്തരുവിയിലുള്ള മറ്റ് സുഹൃത്തുക്കളെ കാണാൻ പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ കൈവരി തകർത്ത് താഴെയുള്ള പുഴയിലേക്ക് പതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.​അപകടശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി യാത്രക്കാരെ വാഹനത്തിൽനിന്ന് പുറത്തെടുത്തത്. കാറിൽ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക സൂചന. അഭിഷേകിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.