> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗുരുദേവ ദർശനങ്ങളുടെ അന്തസന്ത മനുഷ്യത്വം: രമേശ് ചെന്നിത്തല
- URL: https://www.vaikomvartha.com/chataya-dinam-vaikom-s-n-d-p-union/
- Published: 2026-08-28T13:33:59.000Z
- Updated: 2026-08-29T03:57:13.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: മാനവരാശിയുടെ നന്മ ലക്ഷ്യമിടുന്ന ഗുരുദേവ ദർശനങ്ങൾ ദേശ, കാലങ്ങൾക്കതീതമാണെന്നും ആധുനിക സമൂഹം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിൽ ഗുരുദർശനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000682569-2.jpg)

വൈജ്ഞാനിക, സാങ്കേതിക വളർച്ചക്ക് മുന്നിൽ ലോകം അതിർവരമ്പുകളില്ലാതെ ഒന്നായി മാറുകയാണ്. ജാതിക്കും മതത്തിനും ദേശത്തിനും അതീതമായി മനുഷ്യൻ ഒന്നായി മാറുന്നതാണ് ഗുരുദേവ ദർശനങ്ങളുടെ അന്തസത്ത. മനുഷ്യനെയാണ്, അവൻ്റെ നന്മയാണ് ഗുരു ലക്ഷ്യമിട്ടത്. മനുഷ്യൻ്റെ ആത്മിയവും ഭൗതികവുമായ വളർച്ചയാണതിൻ്റെ കാതൽ. അതുകൊണ്ട് തന്നെയാണ് ഗുരുദേവൻ ലഹരിക്കെതിരെ മാനവരാശിക്കാകെ മുന്നറിയിപ്പ് തന്നത്. സമൂഹത്തിലെ തെറ്റുകളുടെ, കുറ്റകൃത്യങ്ങളുടെ പ്രേരകശക്തി ലഹരിയായിരിക്കുമെന്ന് അന്നേ ഗുരു തിരിച്ചറിഞ്ഞിരുന്നു. വരാനിരിക്കുന്ന തലമുറകൾക്കായി സംസ്ഥാന സർക്കാരിൻ്റ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് കരുത്ത് പകരുന്നതും ഗുരുദേവ ദർശനങ്ങളാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

മനുഷ്യൻ ഏത് കാലത്തും നേരിടുന്ന എല്ലാ വെല്ലുവിളികളെയും നേരിടാൻ നമുക്ക് ആത്മവിശ്വാസം പകരുന്ന ഗുരുദേവ സന്ദേശങ്ങൾ ഭാരതീയ ദർശനങ്ങളുടെ ആകെത്തുകയാണെന്നും ലോകത്തിനാകെ വഴികാട്ടിയാണെന്നും സമ്മേളനത്തിൽ ചതയദിന സന്ദേശം നൽകിയ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഗുരുദർശനങ്ങൾ മുറുകെ പിടിക്കുന്നത് മനുഷ്യത്വത്തെയാണ്. കാലം വളർത്തിയേക്കാവുന്ന ആസുരതകളെ മുന്നിൽ കണ്ടാണ് ആ മഹാ ദർശനങ്ങൾ ഗുരുദേവൻ നമുക്ക് നൽകിയതെന്ന് മോൻസ് ജോസഫ് പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000684331-1.jpg)

ആശ്രമം മൈതാനിയിൽ ചേർന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. സെൻ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി വി.എൻ. വാസവൻ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കെ.ബിനിമോൻ എം.എൽ.എ പ്രതിഭകളെ ആദരിക്കലും സമ്മാനദാനവും നടത്തി. നഗരസഭ അദ്ധ്യക്ഷൻ കെ.ജി. അബ്ദുൾ സലാം റാവുത്തർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ നന്ദി പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000679695-2.jpg)

സമ്മേളനത്തിന് മുന്നോടിയായി വർണ്ണാഭമായ തിരുജയന്തി ഘോഷയാത്ര നടന്നു. യൂണിയനിലെ 55 ശാഖാ യോഗങ്ങളും പോഷക സംഘടനകളെയും അണിനിരന്ന ചതയദിന മഹാഘോഷയാത്ര നഗരഹൃദയത്തെ പീത വർണ്ണമണിയിച്ചു. ഉച്ചക്ക് 2.30 ന് യൂണിയൻ ആസ്ഥാനത്ത് നിന്ന് ആരംഭിച്ച ചതയദിന ഘോഷയാത്രയിൽ അനൗൺസ്മെമെൻ്റ് വാഹനങ്ങൾക്കും പഞ്ചവാദ്യത്തിനും പിന്നാലെ ഗുരുദേവഛായാചിത്രം വഹിക്കുന്ന റിക്ഷ വലിച്ച് പീതവസ്ത്രധാരികളായ യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷും സെക്രട്ടറി എം.പി. സെന്നും തുടർന്ന് മറ്റ് യൂണിയൻ നേതാക്കളും നീങ്ങി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000684322-1.jpg)

എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി ഘോഷയാത്ര

അതിന് പിന്നിലായി നിരവധി കലാരൂപങ്ങളും വിവിധ ശാഖായോഗങ്ങളുടെ ബാനറുകൾക്ക് പിന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും അണിനിരന്നു. പടിഞ്ഞാറേ ഗോപുരം, വടക്കേ നട, ടി.കെ. മാധവൻ സ്ക്വയർ, കൊച്ചുകവല, ബസ് സ്റ്റാൻ്റ്, കച്ചേരിക്കവല വഴി ഘോഷയാത്ര സമ്മേളന സ്ഥലമായ ആശ്രമം സ്ക്കൂൾ മൈതാനിയിൽ എത്തിച്ചേർന്നതോടെയാണ് ജയന്തി സമ്മേളനം ആരംഭിച്ചത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000684328-2.jpg)

യൂത്ത് മൂവ്മെൻ്റ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ചതയദിന മോട്ടോർ സൈക്കിൾ - സൈക്കിൾ റാലി ആശ്രമം സ്ക്കൂളിൽ രാവിലെ 10ന് യുണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ബോയ്സ് ഹൈസ്ക്കൂൾ, തെക്കേ നട, പടിഞ്ഞാറെ ഗോപുരം, ഗുരുമന്ദിരം, ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി, ടി.കെ. മാധവൻ സ്ക്വയർ, വടക്കേ നട, പടിഞ്ഞാറെ നട, കച്ചേരിക്കവല വഴി ആശ്രമം സ്ക്കൂകൂളിൽ എത്തിച്ചേർന്നതിനെ തുടർന്ന് ചേർന്ന ചതയദിന സമ്മേളനം യൂണിയൻ സെക്രട്ടറി എം.പി. സെൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് കെ.എം. മനു അദ്ധ്യക്ഷത വഹിച്ചു. വൈക്കം ഡി.വൈ.എസ്.പി കെ.എൻ. രാജേഷ് സമ്മാനദാനവും വൈക്കം എസ്.എച്ച്.ഒ കെ.വി. വൈശാഖ് മുഖ്യ പ്രഭാഷണവും നടത്തി. യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ ചതയദിന സന്ദേശം നൽകി. യൂത്ത് മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.വി. വിവേക് സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.പി. സന്തോഷ്, രാജേഷ് മോഹൻ, ഷീജ സാബു, സിനി പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. യൂത്ത് മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി രമേഷ് ആർ. കോക്കാട്ട് സ്വാഗതവും വൈസ് പ്രസിഡൻ്റ് നന്ദിയും പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000684319.jpg)

എസ്.എന്‍.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് വൈക്കം യൂണിയന്‍ നടത്തിയ ചതയദിന സൈക്കിള്‍ റാലി യൂണിയന്‍ പ്രസിഡന്റ് പി.വി.ബിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു