> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
- URL: https://www.vaikomvartha.com/chempu-panchayth-tourism-project/
- Published: 2026-07-16T16:35:57.000Z
- Updated: 2026-07-17T02:07:26.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: ചെമ്പ് പഞ്ചായത്ത് ടൂറിസം കേന്ദ്രമാക്കാൻ വൻ പദ്ധതി തയ്യാറാകുന്നു. ചെമ്പ് ഗ്രാമം പദ്ധതി എന്ന പേരിൽ ജലസ്രോതസുകളും വേമ്പനാട്ടുകായൽ ദ്വീപും മുറിഞ്ഞപുഴ പഴയ പാലവുമെല്ലാം ഉൾപ്പെടുത്തി പാലക്കരി ഫിഷ് ഫാം കേന്ദ്രീകരിച്ച് പഞ്ചായത്തിൻ്റെ പുറമ്പോക്ക് ഇടങ്ങളും കായലോര പ്രദേങ്ങളും ഉൾപ്പെടുത്തി ടൂറിസം ഡെസിഗ്‌നേഷൻ ആക്കാനാണ് പദ്ധതി. എറണാകുളം കുമരകം ജലയാത്രക്കിടക്കുള്ള ആകർഷകമായ ടൂറിസം കേന്ദ്രമാക്കാനാണ് നീക്കം.

ഇതിന് മുന്നോടിയായി ഫ്രാൻസിസ് ജോർജ് എം.പി, കെ. ബിനിമോൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടന്നു. പാലക്കരി ഫിഷ് ഫാംമിൽ നടന്ന യോഗത്തിൽ ഐ.ഐ.ടി മുംബൈയിലെ വിദഗ്ദ്ധൻ എ.ആർ. ജോസഫ് പദ്ധതി വിശദീകരിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും ബ്ലോക്ക് ജില്ല പഞ്ചായത്തുകളുടെയു സംയുക്ത സംരഭമായി പദ്ധതി നടപ്പാക്കാനാണ് ശ്രമം. പാലക്കരി ഫിഷ് ഫാമിന് സമീപത്ത് വേമ്പനാട്ട് കായലിൽ പഞ്ചായത്ത് ഭൂമിയായായ ഒന്നര ഏക്കർ വരുന്ന ദ്വീപ് മുഖ്യ ആകർഷണകേന്ദ്രമാക്കി മാറ്റാനും മുറിഞ്ഞപുഴ പഴയപാലം ഗ്ലാസ്സിട്ട് വ്യൂപോയിൻ്റാക്കാനും ഇവിടുള്ള പഞ്ചായത്ത് സ്ഥലം ഫുഡ്കോർട്ട് പോലുള്ള ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനുമാണ് പദ്ധതി. ഹോം സ്റ്റേയടക്കം ഒരുക്കി പ്രദേശവാസികളും സ്വകാര്യ സംരംഭകരും പദ്ധതിയിൽ പങ്കാളികളാകും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-62.jpg)

മാനദണ്ഡപ്രകാരം പദ്ധതി തയ്യാറാക്കി സമർപ്പിച്ചാൽ സർക്കാർ സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസിസ ജോർജ്ജ് എം.പിയും കെ.ബിനിമോൻ എം.എൽ.എയും അറിയിച്ചു. ചെമ്പ് പഞ്ചായത്തും സമീപ പ്രദേശങ്ങളും ഉൾപ്പെടുത്തിയുള്ള ടുറിസം വികസനത്തിന് ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകിയാണ് ജനപ്രതിനിധികൾ മടങ്ങിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-25.jpg)

കാട്ടിക്കുന്നിലെ പാലക്കരി അക്വാടൂറിസം ഫാമിലെ ടൂറിസം സാധ്യത പൂർണ്ണമായി പ്രയോജനപ്പെടുത്തിയുള്ള ടൂറിസം പദ്ധതി നടപ്പാക്കുമെന്നും ജനപ്രതിനിധികൾ അറിയിച്ചു. യോഗത്തിൽ ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണി, വൈസ് പ്രസിഡൻ്റ് ദേവീകൃഷണ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എസ്. ജയപ്രകാശ്, ബഷീർ മങ്ങാട്, പഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ് എന്നിവരും പഞ്ചായത്ത് അംഗങ്ങളും ടൂറിസം മേഖലയിലെ പ്രതിനിധികളും പങ്കെടുത്തു.