> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാർഷിക സമൃദ്ധിയുടെ പൊൻപുലരി; ഇന്ന് ചിങ്ങം ഒന്ന്, കർഷകദിനാശംസകൾ
- URL: https://www.vaikomvartha.com/chingam-1-karshakadinam/
- Published: 2026-08-17T02:02:10.000Z
- Updated: 2026-08-18T06:50:52.000Z
- Author:  Vaikom Vartha News Desk
- Tags: Main News

തുമ്പയും തുളസിയും മുക്കുറ്റിയും പൂത്തുലയുന്ന നാട്ടിടവഴികളിലൂടെ, സമത്വസുന്ദരമായ തിരുവോണ നാളുകളിലേക്കാണ് ചിങ്ങം ഒന്ന് നമ്മെ വരവേൽക്കുന്നത്.

വിത്തുവിതയ്ക്കലും വിളവെടുപ്പും കാലാവസ്ഥയുമായി ഇണങ്ങിനിന്ന ഒരു സമ്പന്നമായ ഭൂതകാലം നമുക്കുണ്ടായിരുന്നു. സമൃദ്ധിയുടെ പൊൻകതിരുകൾ വീട്ടുമുറ്റത്തെത്തുന്ന കാലമാണ് മലയാളിക്ക് ചിങ്ങം.  
കർക്കടകത്തിന്റെ കരിനിഴലുകൾ മാഞ്ഞ്, മലയാളിയുടെ ഹൃദയതാളമായ കൊല്ലവർഷപ്പിറവിയുടെയും മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന്റെ വിയർപ്പുമണക്കുന്ന കാർഷിക ദിനത്തിന്റെയും ധന്യതയിലാണ് ഇന്ന് കേരളക്കര.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660623-2.jpg)

എ.ഡി. 825-ൽ വേണാട്ടുരാജാവിന്റെ വിളംബരത്തോടെ ചരിത്രത്താളുകളിൽ ഇടംനേടിയ കൊല്ലവർഷത്തിന്റെ ആദ്യസൂര്യോദയം, കേവലമൊരു കലണ്ടർ മാറ്റമല്ല; മറിച്ച് മണ്ണും മനസ്സും ഒന്നാകുന്ന മഹത്തായൊരു കാർഷിക സംസ്കൃതിയുടെ പുനർജ്ജനികൂടിയാണ്. വിത്തെറിഞ്ഞ പാടങ്ങളിൽ സ്വർണ്ണക്കതിരുകൾ കാറ്റിലാടുന്നതും, പത്തായങ്ങൾ നിറഞ്ഞുതുളുമ്പുന്നതും സ്വപ്നം കണ്ടിരുന്ന ഒരു തലമുറയുടെ ആത്മാവാണ് ചിങ്ങപ്പുലരി. മണ്ണിന്റെ മണവും വിയർപ്പിന്റെ മാധുര്യവും മാഞ്ഞുപോകുന്ന ആധുനികതയുടെ കാലത്ത്, പ്രകൃതിയിലേക്കും വിത്തെറിയലുകളിലേക്കും തിരികെ നടക്കാൻ ചിങ്ങം നമ്മെ ഓർമ്മിപ്പിക്കുന്നു.  
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന്റെ വിയർപ്പിന് ആദരമർപ്പിച്ചുകൊണ്ട്, നന്മയും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതിയ വർഷം എല്ലാവർക്കും ആശംസിക്കുന്നു. പുതുവർഷപ്പിറവിയുടെയും കർഷകദിനത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകൾ!

Team VaikomVartha