> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് കുട്ടി കലാകാരന്മാരുടെ ചിത്രപ്രദർശനം ശ്രദ്ധേയമായി
- URL: https://www.vaikomvartha.com/chithrapradarsanam/
- Published: 2026-05-30T11:29:45.000Z
- Updated: 2026-05-30T11:29:45.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വ്യത്യസ്ത സമയങ്ങളിൽ തനത് വർണ്ണങ്ങളിൽ കത്തിനിൽക്കുന്ന മെഴുകുതിരികൾ, വർണ്ണം ചോരാത്ത ലാൻഡ് സ്കേപ്പുകൾ, മുന്തിരിക്കുലകൾ തുടങ്ങി ചെറുവിരലുകളും മനസ്സും ചേർന്നൊരുക്കിയ ചിത്രങ്ങൾ. 

വൈക്കത്ത് ചിത്രകല അവധിക്കാല ക്ലാസുകളിൽ പഠിച്ച കുട്ടികളുടെ ചിത്ര പ്രദർശനത്തിലെ കാഴ്ചകളായി. സ്ഥപതി ചിത്രകലാ വിദ്യാപീഠത്തിലാണ് നാല് വയസു മുതൽ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ വരെയുള്ള നൂറ്റിഇരുപത് പേരുള്ള കുട്ടി കലാകാരന്മാരുടെയും കലാകാരികളുടേയും ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ആർട്ടിസ്റ്റ് സ്ഥപതി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ എട്ടോളം ചിത്രകലാ അദ്ധാപകരുടെ പരിശീലനത്തിലാണ് കുട്ടികളുടെ അവധികാല ചിത്രകല ക്ലാസുകൾ നടന്നത്. എൽ.കെ.ജി മുതൽ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ വരെയുള്ള കുട്ടികളുടെ ചിത്രങ്ങളും ചെറുശില്പങ്ങളുടെയും പ്രദർശനമാണ് നടന്നത്. ഏപ്രിൽ മൂന്നിന് തുടങ്ങിയ അവധിക്കാല ക്ലാസ്സിൻ്റെ അവസാന ദിനമായ ഇന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പെൻസിൽ സ്കെച്ചിംഗ്, വാട്ടർ കളർ, ക്ലേ മോഡലിംഗ് എന്നി വിഭാഗങ്ങളിൽ 120 കുട്ടികളുടെ മികവിൻ്റെ വർണ്ണ രചനകളാണ് പ്രദർശനത്തിൽ കാഴ്ചയായത്. ലൈറ്റ് ആൻ്റ് ഷേഡ്, കളർ കോംപിനേഷൻ എന്നിവയിൽ മികവ് തെളിയിച്ച കുട്ടി ചിത്രരചനകളും പ്രദർശനത്തിൽ പ്രശംസ നേടി. ചിത്രകലാ പരിശീലനം കൂടാതെ എല്ലാ വർഷവും സ്ഥപതിയിൽ അവധിക്കാല ക്ലാസുകളും നടത്തുന്നുണ്ട്.