> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഫിലിപ്പീൻസില്‍ വൻ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രത; സുനാമി മുന്നറിയിപ്പ്
- URL: https://www.vaikomvartha.com/earthquake-philippines/
- Published: 2026-06-08T10:43:32.000Z
- Updated: 2026-06-08T10:43:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, അന്താരാഷ്ട്ര വാര്‍ത്തകൾ

മനില: ഫിലിപ്പീൻസില്‍ വൻ ഭൂകമ്പം. റിക്ടർ സ്കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ദുരന്തസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഭൂമി ശക്തമായി കുലുങ്ങുന്നതിനിടെ കെട്ടിടങ്ങള്‍ തകർന്നുവീഴുന്നതാണ് കാണുന്നത്. ഒരു സ്കൂളിന് പുറത്തുനിന്നുള്ള വീഡിയോയില്‍, മുൻകരുതല്‍ നടപടിയുടെ ഭാഗമായി വിദ്യാർഥികള്‍ തുറസ്സായ മൈതാനത്ത് നില്‍ക്കുന്നതിനിടെ സ്കൂള്‍ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകർന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-17.jpg)

ഫിലിപ്പീൻസിന്റെ തെക്കൻ ഭാഗത്തുള്ള മിന്ദനാവോയ്ക്ക് ദ്വീപിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പ്രധാന ഭൂചലനത്തിന് മണിക്കൂറുകള്‍ക്കുശേഷം 6.1 തീവ്രതയുള്ള തുടർചലനവും രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം. ഭൂചലനത്തില്‍ ഇതുവരെ ഒരാള്‍ മരിക്കുകയും നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും അപകടകരമായ സുനാമി തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഫിലിപ്പീൻസ് തീരങ്ങളില്‍ മൂന്ന് മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലും ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മുൻകരുതല്‍ നടപടികളുടെ ഭാഗമായി തീരമേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ആശുപത്രികളിലെയും സ്കൂളുകളിലെയും രോഗികളെയും വിദ്യാർഥികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.