> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബസ് വാങ്ങാൻ 40 ലക്ഷത്തിന്റെ ചെക്ക് കൈമാറി; അങ്കമാലി സ്വദേശി ജോസ് മാതൃകയെന്ന് മുഖ്യമന്ത്രി
- URL: https://www.vaikomvartha.com/eranakulam-news-9/
- Published: 2026-09-24T00:31:44.000Z
- Updated: 2026-09-24T00:31:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

എറണാകുളം: കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ ചരിത്രത്തിലാദ്യമായി ഒരാൾ സംഭാവന നൽകി. അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ് ആണ് ചരിത്രത്തിലാദ്യമായി കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകുന്നത്. ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകാൻ ഇടവരട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ചെക്ക് ഗതാഗത മന്ത്രി സി.പി ജോണിന് കൈമാറിയിട്ടുണ്ട്. പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ബസുകൾ സ്പോൺസർ ചെയ്യാൻ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ നൽകാമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-5.jpg)

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് പണം നൽകിയ ജോസ്. കെ.എസ്.ആർ.ടി.സിയെ പിന്തുണച്ച് ജനങ്ങൾ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് വാങ്ങി നൽകാൻ തീരുമാനിച്ചതെന്ന് ജോസ് പറഞ്ഞു. ജോസ് ഇക്കാര്യം ആദ്യം അറിയിച്ചത് മന്ത്രി റോജി എം. ജോണിനെയാണ്. ഗതാഗത മന്ത്രി സി.പി ജോണിനെ കണ്ടപ്പോൾ റോജി എം. ജോൺ ഇക്കാര്യം അറിയിച്ചു തടർന്ന് ജോസിനെ നേരിട്ട് വിളിച്ച് തുക കൈമാറാമെന്ന് അറിയിച്ചു. താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നതാണ് ജോസിന്റെ ഏക ഡിമാൻ്റ്. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്ന ആവശ്യവും പറഞ്ഞിട്ടുണ്ട്. ഈ ആവശ്യം റോജി എം. ജോണും ഉന്നയിച്ചിട്ടുണ്ട്. ജോസ് പറയുന്ന റൂട്ടിൽ ബസ് സർവീസ് നടത്തുമെന്നാണ് ഗതാഗത മന്ത്രിയുടെ ഉറപ്പ്. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെ.എസ്.ആർ.ടി.സിക്ക് ഒരു ബസ് വാങ്ങാൻ തുക സംഭാവന ചെയ്തപ്പോൾ ഈ മാതൃക പിന്തുടരാൻ കൂടുതൽ പേർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സി.പി ജോൺ പറഞ്ഞു.