> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം
- URL: https://www.vaikomvartha.com/fireforce-vaikom/
- Published: 2026-08-08T08:20:26.000Z
- Updated: 2026-08-10T07:39:32.000Z
- Description: വൈക്കം: കനത്ത മഴയും കിഴക്കൻ വെള്ളവും ചേർന്ന് വൈക്കത്തെ മുക്കുമ്പോൾ സഹായവുമായി പാഞ്ഞെത്തുന്ന സേന തന്നെ ഇവിടെ വെളളത്തിലാണ്.
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: കനത്ത മഴയും കിഴക്കൻ വെള്ളവും ചേർന്ന് വൈക്കത്തെ മുക്കുമ്പോൾ സഹായവുമായി പാഞ്ഞെത്തുന്ന സേന തന്നെ ഇവിടെ വെളളത്തിലാണ്.

വൈക്കം അഗ്നിരക്ഷാസേന ഓഫീസ് വെള്ളക്കെട്ടിലായി. രക്ഷാ പ്രവർത്തകരും രക്ഷാ സംവിധാനങ്ങളും എത്തേണ്ട വാഹനങ്ങളടക്കം വെള്ളത്തിലാണ്. നിലം നികത്തിയ സ്ഥലമാണ് അഗ്നിരക്ഷാസേനാ ഓഫീസിന് നൽകിയത്. വർഷങ്ങളായി വെള്ളപ്പൊക്ക സമയങ്ങളിൽ ഇവിടം വെള്ളക്കെട്ടിലാകാറുണ്ട്. ദുരിത സമയങ്ങളിൽ സഹായവുമായി എത്തേണ്ടവർ നീന്തി വേണം സ്റ്റേഷനിൽ നിന്ന് പുറത്തെത്താൻ. മലിനജലവും ചെളിയും ചുറ്റും നിറഞ്ഞ നിലയിലാണ് ഫയർസ്റ്റേഷൻ. വിളി എത്തിയാൽ വാഹനങ്ങളിൽ പാഞ്ഞു കയറിയാണ് ഇവർ ദുരന്തമുഖത്ത് എത്തേണ്ടത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000648975-3.jpg)

എന്നാൽ മഴക്കാലത്ത് വാഹനത്തിലേക്ക് ഓടിയല്ല നീന്തിയാണ് കയറുക. വാഹനങ്ങളും വേഗത്തിൽ പുറത്തിറക്കാനാവില്ല. മഴക്കാലമായാൽ വൈക്കത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക കെടുതിയിലാകും. റോഡിലേക്ക് മരങ്ങൾ മറിഞ്ഞു വീഴുന്നതും വൈദ്യുതി പോസ്റ്റുറുകൾ ഒടിഞ്ഞു വീഴുന്നതും ലൈൻ പൊട്ടിവീഴുന്നതും നിത്യസംഭവമാകും. അവിടേക്കെല്ലാം ഓടിയെത്താൻ സ്റ്റേഷനിൽ നിന്ന് നീന്തി പുറത്തു കടക്കേണ്ട ഗതികേടിൽ നിന്ന് ഈ രക്ഷാ സേനയെ രക്ഷിക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.