> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഫുട്ബോൾ മൈതാനത്ത് വിസ്മയമായി യദു കൃഷ്ണൻ
- URL: https://www.vaikomvartha.com/football-selection-yedu-vaikom-kottayam/
- Published: 2026-04-22T05:17:04.000Z
- Updated: 2026-04-22T05:17:04.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam, Sports

വൈക്കം**:** കേരളത്തിന്റെ ഫുട്ബോൾ ഭാവി വാഗ്ദാനങ്ങളെ കണ്ടത്താൻ സംസ്ഥാന തലത്തിൽ നടന്ന ഫുട്ബോൾ ക്യാമ്പിലേക്ക് വൈക്കം സ്വദേശിയും വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ആശ്രമം സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ പന്ത്രണ്ടുകാരൻ യദു കൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തിയ കഠിനമായ ട്രയൽസുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഈ കൊച്ചു മിടുക്കൻ തന്റെ സ്ഥാനം ഉറപ്പിച്ചത്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 കുട്ടികളിൽ നിന്ന് അവസാന 21 പേരിൽ ഒരാളായാണ് യദു തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ റെഡ് സ്റ്റാർ അക്കാദമിയിലാണ് യദുവിൻ്റെ തുടർ പരിശീലനം. മികച്ച പരിശീലകർക്ക് കീഴിൽ വിദഗ്ധ പരിശീലനം നേടാൻ ഈ ക്യാമ്പ് യദുവിന് അവസരമൊരുക്കും. യദു കൃഷ്ണന്റെ ഈ നേട്ടത്തിൽ കായിക പ്രേമികളും നാട്ടുകാരും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ക്യാമ്പുകളിൽ മികച്ച പ്രകടനം തുടരുന്നതിനായി കഠിന പരിശീലനത്തിലാണ് യദു. 

മൈതാനത്തെ വേഗതയും കൃത്യതയാർന്ന പാസിംഗും പന്തിനുമേലുള്ള നിയന്ത്രണവുമാണ് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ യദുവിനെ സഹായിച്ചത്. വരാനിരിക്കുന്ന സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിലും ദേശീയ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിക്കാനുള്ള വലിയൊരു ചുവടുവെപ്പാണ് ഈ സെലക്ഷൻ. സ്ക്കോളർഷിപ്പോടെ യദുവിൻ്റെ തുടർ പരിശീലനത്തിനും പഠനത്തിനും ഇതോടെ വഴിയൊരുങ്ങും. 

യദുവിന്റെ കഠിനാധ്വാനത്തിനും ഫുട്ബോളിനോടുള്ള അഭിനിവേശത്തിനുമുള്ള അംഗീകാരമാണിത്. മികച്ച പരിശീലനം കൂടി ലഭിക്കുന്നതോടെ കേരള ഫുട്ബോളിലെ മികച്ച താരമായി മാറാൻ അവന് സാധിക്കുമെന്ന് യദുവിന്റെ ആദ്യ പരിശീലകനും വൈക്കം എലൈറ്റ് ഫുട്ബോൾ അക്കാദമി കോച്ചുമായ ആഷിക് പറഞ്ഞു.

തേജസ് നഗർ റസിഡൻസ് അസോസിയേഷൻ കഴിഞ്ഞ വർഷം വേനലവധിക്ക് നടത്തിയ ഫുട്ബോൾ ക്യാമ്പിലൂടെയാണ് യദുവിൻ്റെ കഴിവ് കോച്ച് കൂടിയായ ആഷിക് കണ്ടെത്തിയത്. വൈക്കം തെക്കേ നടയിൽ നെന്മലേഴത്ത് സിജുവിൻ്റേയും രാധികയുടേയും മകനാണ് യദു കൃഷ്ണൻ.