> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അനാസ്ഥയുടെ പ്രതീകമായി വൈക്കം സർക്കാർ ആയുർവേദ ആശുപത്രി
- URL: https://www.vaikomvartha.com/govt-ayurveda-hospital-vaikom/
- Published: 2026-08-13T16:49:41.000Z
- Updated: 2026-08-14T14:23:45.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Health

വൈക്കം: ഒരു ആശുപത്രി എങ്ങനെ ആകരുത് എന്ന് കാണണമെങ്കിൽ വൈക്കം സർക്കാർ ആയുർവേദ ആശുപത്രിയിൽ എത്തിയാൽ മതി. ഭിത്തികളും മേൽക്കൂരകളും തകർന്ന ചോർന്നൊലിക്കുന്ന അശാസ്ത്രീയമായി നിർമ്മിച്ച കെട്ടിടങ്ങളാണ് ഇവിടെ. ശുചിമുറി മാലിന്യമടക്കം ചോർന്നൊലിച്ച് വൃത്തിഹീനമായ പരിസരം. ജനപ്രതിനിധികൾ ഒന്ന് കാണണം ഈ ആരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ. ലക്ഷങ്ങൾ മുടക്കിയ കെട്ടിടങ്ങളെല്ലാം ആർക്കും പ്രയോജനം ഇല്ലാത്ത അവസ്ഥയിലാണ് ഇവിടെയുള്ളത്. 50 സെന്റുള്ള സ്ഥലത്ത് യാതൊരു ആസൂത്രണവും ഇല്ലാതെ തലങ്ങും വിലങ്ങും ആയി പണിത അഞ്ചു ബ്ലോക്കുകളാണ് ഇവിടെയുള്ളത്. 

അതിൽ ഒരെണ്ണം പൊളിച്ചു മാറ്റി ഒരു കോടിയുടെ ഓ.പി.കെട്ടിടം പണി തുടങ്ങി തൂണിലായിട്ട് പണി നിർത്തി രണ്ടുമാസം പിന്നിട്ടു. ജൂണിൽ ഒരു വർഷം കൊണ്ട് പണി തീർക്കേണ്ട നാഷണൽ ആയുഷ് മിഷന്റെ കെട്ടിടമാണ് കരാറുകാരന്റെ അനാസ്ഥയിൽ ഇങ്ങനെ കിടക്കുന്നത്. ഇതിനായി ഒരു കെട്ടിടം പൊളിച്ചതോടെ മഴയും വെയിലും ഏറ്റു വേണം രോഗികളും ജീവനക്കാരും അടക്കം മറ്റു ബ്ലോക്കുകളിലേക്ക് ഓടിക്കയറാൻ. ലക്ഷങ്ങൾ മുടക്കി 2018 തുടങ്ങിയ പേവാർഡ് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. മുറികളുടെ നടുക്ക് തന്നെ പണിത് വച്ചിരിക്കുന്ന ശുചിമുറികളാകട്ടെ പൊട്ടിപ്പൊളിഞ്ഞ് വെള്ളം പോലും ഒഴുകി പോകാത്ത നിലയിലാണ്. ജനലുകളും വാതിലുകളും ദ്രവിച്ചു നശിച്ചു. മുറികളിലെ വൈദ്യുതി ലൈനുകളിൽ നിന്ന് രോഗികൾക്കടക്കം ഷോക്ക് ഏൽക്കുന്ന സ്ഥിതിയുമാണ്. ഒ.പി.കൗണ്ടർ ആകട്ടെ പ്ലാസ്റ്റിക് പടുതാ വലിച്ച് കെട്ടിയാണ് മഴയും വെയിലും തടയുന്നത്. ഫാർമസിയും ചോർന്നൊലിക്കുകയാണ്. ചോരുന്ന മേൽക്കൂരയ്ക്ക് കീഴെ മഴ നനഞ്ഞു വേണം രോഗികൾ ഇവിടെ നിന്നും മരുന്ന് വാങ്ങാൻ. ഈ കെട്ടിടമാകട്ടെ 26 വർഷം പിന്നിട്ട് തകർച്ച ഭീഷണിയിലുമാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000659826-1.jpg)

തളർന്ന് തിരുമ്മ് ചികിത്സക്കും മറ്റും എത്തുന്ന രോഗികളെ അടക്കം വീൽചെയറിൽ പോലും കൊണ്ടുപോകാൻ കഴിയാത്ത നിലയിലാണ് കെട്ടിടങ്ങൾ പണിത് കൂട്ടിയിരിക്കുന്നത്. പൊട്ടി വീഴുന്ന ഒരു മുറിയിൽ രണ്ടിലധികം ഡോക്ടർമാരാണ് ഇവിടെയിരുന്ന് ചികിത്സിക്കുന്നത്. സ്ത്രീകളായ രോഗികൾക്കടക്കം യാതൊരു സ്വകാര്യതയും ലഭിക്കാത്ത രീതിയിൽ ചികിത്സിക്കേണ്ട അവസ്ഥയാണ് ഇവിടെ എന്ന് പറഞ്ഞാൽ മതി ഈ ആശുപത്രിയുടെ ദുരവസ്ഥ മനസ്സിലാക്കാൻ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654716-6.png)

എന്നിട്ടും ഇത് പരിഹരിക്കാൻ ആരുമില്ല എന്നതാണ് ശ്രദ്ധേയം. മികച്ച ചികിത്സ കിട്ടുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ ഈ ദുരവസ്ഥ ഇനിയെങ്കിലും സർക്കാർ കാണണം. ഏഴു ഡോക്ടർമാർ മികച്ച സേവനം കാഴ്ചവയ്ക്കുന്ന 20 ബെഡ്ഡുകൾ ഉള്ള ഒരു ആയുർവേദ ആശുപത്രിയിലാണ് ഈ ദുരവസ്ഥയെന്ന് കാണേണ്ടവർ കാണണം. ഡോക്ടർമാർ ഉണ്ടെങ്കിലും നേഴ്സുമാരുടെയും തെറാപ്പിസ്റ്റിൻ്റെയും ഒഴിവുകൾ ഇനിയുമുണ്ട്. നിലവിലെ സ്ഥിതിയിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ 30 ബെഡുകൾ ഒരുക്കാനാവുന്ന ഒരു ആശുപത്രിയിലാണ് ഈ അവസ്ഥ. കണ്ടിട്ടും നടപടിയെടുക്കേണ്ടവർ കണ്ണടച്ചിരിക്കുന്നത്.