> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം
- URL: https://www.vaikomvartha.com/heavy-rain-landslides-four-death-kottayam/
- Published: 2026-08-01T05:59:11.000Z
- Updated: 2026-08-01T06:04:20.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

കോട്ടയം: കനത്ത മഴയിൽ മലയോര മേഖലയിൽ വൻനാശം, ഇതുവരെ മഴക്കെടുതിയിൽ നാല് മരണം സ്ഥിരീകരിച്ചു. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരൻ നായരാണ് മരിച്ചത്. പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടി ഒരു മരണം. മണപ്പാട്ട് ജോണിയുടെ മകൻ്റേയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തി. 

ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു. സുമതിയാണ് മരിച്ചത്. ഇടുക്കിയിലും പൂഞ്ഞാറിലുമാണ് രണ്ട് മരണം വീതം ഉണ്ടായത്. പമ്പയാറ്റിൽ ജലനിരപ്പ് ഉയരുന്നു. റാന്നിയിലും പാലായിലും വെള്ളം കയറി. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പലയിടങ്ങളിലും റോഡുകൾ വെള്ളക്കെട്ടിൽ ആയിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-2.jpg)

ഉപ്പുതറയിൽ പോലീസ് ജീപ്പിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഉദ്യോഗസ്ഥർ വാഹനം നിർത്തി ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.  
ഏലപ്പാറചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിലേക്ക് മണ്ണു ഇടിഞ്ഞുവീണു. പൊൻമുടി 12-ാം വളവിൽ വൻ മണ്ണിടിച്ചിലുണ്ടായി 9-ാം വളവ് വരെ മണ്ണും അവശിഷ്ടങ്ങളും ഒലിച്ചെത്തി. റോഡിന്റെ വശങ്ങൾ ഇടിഞ്ഞതോടെ ഗതാഗതം പൂർണ്ണമായും നിലച്ചു. പുലർച്ചെ സമയത്തായതിനാലും കല്ല് ഭാഗത്തുനിന്ന് നിയന്ത്രണമുള്ളതിനാലും വൻ അപകടം ഒഴിവായി. നിലവിൽ വിതുരയിൽ നിന്നുള്ള ഫയർഫോഴ്സും വനംവകുപ്പും മണ്ണ് നീക്കാൻ ശ്രമിക്കുകയാണ്. ഇവിടേക്ക് യാത്ര പൂർണ്ണമായും നിരോധിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-2.jpg)

കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാത, ഈരാറ്റുപേട്ട-വാഗമൺ റോഡ്, കുട്ടിക്കാനം-മുണ്ടക്കയം റോഡ്, ആലുവ-മൂന്നാർ റോഡ്, കെ.കെ. റോഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഓറഞ്ച് അലർട്ട് നിലവിലുള്ളതിനാൽ എറണാകുളം ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടും.