> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇടുക്കി കൊട്ടക്കാമ്പൂരിൽ ഷെഡിനുമുകളിൽ മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
- URL: https://www.vaikomvartha.com/heavy-rain-landslides/
- Published: 2026-09-20T14:15:26.000Z
- Updated: 2026-09-20T14:15:26.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

ഇടുക്കി: കനത്ത മഴയിൽ ഇടുക്കി കൊട്ടക്കാമ്പൂരിൽ ഷെഡിനുമുകളിൽ മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾ മരിച്ചു. കൊട്ടക്കാമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റിട്ടുണ്ടെന്നാണ് സൂചന. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് പരുക്കേറ്റിട്ടുണ്ട്. മഴ പെയ്‌തപ്പോൾ കൃഷി സ്ഥലത്തെ ഷെഡിൽ കയറിനിൽക്കുകയായിരുന്നു. ഷെഡിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. വട്ടവടയിൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ മഴയാണ് അപകട കാരണമായത്. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്‌തു. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ, മേഖലയിൽ മഴ ശക്തമായതോടെ മീനച്ചിലാറിൽ ജലനിരപ്പുയർന്നു. ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. തീക്കോയി വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞു രണ്ടു കാറുകൾക്ക് മുകളിലേക്ക് വീണു. ആർക്കും പരുക്കില്ല. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസപ്പെട്ടു. കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടങ്ങളിലും മഴയുണ്ടായി. ഇന്ന് ഏഴു ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-24.jpg)

**പൂഞ്ഞാർ എം.എൽ.എയുടെ മുന്നറിയിപ്പ്**

വാഗമൺ, വെള്ളിക്കുളം, തീക്കോയി പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും സുരക്ഷയ്ക്ക് മുൻഗണന നൽകുകയും ചെയ്യുക.