> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാമ്പുകടി ചികിത്സ ഇനി കൂടുതൽ കാര്യക്ഷമം: ജീവൻ രക്ഷിക്കാൻ 'നാനോബോഡി' സാങ്കേതികവിദ്യ
- URL: https://www.vaikomvartha.com/iformation/
- Published: 2026-09-12T05:28:11.000Z
- Updated: 2026-09-20T14:24:01.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Health

രാജവെമ്പാല ഇനി പത്തി മടക്കും. രാജവെമ്പാല കടിച്ചാൽ മരണം ഉറപ്പ് എന്നാണ് ഇതുവരെയുള്ള സ്ഥിതി. എന്നാൽ അതിനു മാറ്റം വരുന്നു എന്ന പ്രതീക്ഷയേകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജവമ്പാല വിഷത്തെ പ്രതിരോധിക്കാൻ പറ്റിയ ആന്റിവെനം കോക്ടയിൽ രംഗത്ത് വരുന്നു എന്നാണ് റിപ്പോർട്ടുകൾ. ലോകത്താകമാനം പ്രതിവർഷം ഒരു ലക്ഷത്തിലേറെയാളുകൾ പാമ്പുകടിയേറ്റ് മരിക്കുമ്പോൾ ഇന്ത്യയിലാണ് 50,000 മരണങ്ങൾ ഉണ്ടാവുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ പാമ്പുകടി ചികിൽസാ രംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെയും ഡെൻമാർക്കിലെയും ഗവേഷകർ. വിവിധ ഇനം മൂർഖൻ പാമ്പുകളുടെയും രാജവെമ്പാലകളുടെയും വിഷത്തിനെതിരെ ഒരുപോലെ ഫലപ്രദമായ പുതിയൊരു 'ആന്റിവെനം കോക്ടെയിൽ' ആണ് ഇവർ വികസിപ്പിച്ചത്. സയൻസ് ട്രാൻസ്ലേഷണൽ മെഡിസിനിൽ ആണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-11.jpg)

നിലവിൽ ആശുപത്രികളിൽ ഉപയോഗിക്കുന്ന ആന്റിവെനം, കുതിരകളിൽ ചെറിയ അളവിൽ വിഷം കുത്തിവെച്ച് അവയുടെ രക്തത്തിൽ നിന്നുണ്ടാകുന്ന ആന്റിബോഡികൾ വേർതിരിച്ചെടുത്താണ് നിർമ്മിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ പരമ്പരാഗത രീതിക്ക് നിരവധി പോരായ്മകളുമുണ്ട്. ഒരേ ഇനം പാമ്പുകൾക്കിടയിൽ പോലും ജീവിക്കുന്ന പ്രദേശത്തിനനുസരിച്ച് വിഷത്തിന്റെ രാസഘടനയിൽ മാറ്റമുണ്ടാകാം. അതുകൊണ്ടു തന്നെ നിലവിലെ ആന്റിവെനങ്ങൾക്ക് എല്ലാ വിഷത്തെയും ഒരുപോലെ ചെറുക്കാൻ സാധിക്കാറില്ല. മാത്രമല്ല, കുതിരയുടെ രക്തത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനാൽ ഇത് മനുഷ്യരിൽ കടുത്ത അലർജി ഉൾ പ്പെടെയുള്ള ഗുരുതരമാഉൾപ്പെടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങൾക്കും കാരണമാകാറുണ്ട്. ഒപ്പം ഈ പ്രക്രിയക്ക് കാര്യക്ഷമത കുറവും നിർമ്മാണച്ചെലവ് വളരെ കൂടുതലുമാണ്. എന്നാൽ പുതിയ "കോക്ടെയിൽ' വിവരങ്ങൾ പുറത്ത് വന്നത് പ്രകാരം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ കാർത്തിക് സുനാഗർ, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിലെ ആൻഡ്രിയാസ് ലൗസ്റ്റ്സെൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ആന്റിവെനം വികസിപ്പിച്ചെടുത്തത് എന്നാണ്.അഞ്ച് അൾട്രാ-സ്മോൾ ആന്റിബോഡി ഫ്രാണ്മെന്റുകൾ (നാനോബോഡികൾ) അടങ്ങിയ ഈ കോക്ടെയിൽ മൂർഖൻ വിഷത്തിലെ മൂന്ന് പ്രധാന മാരക ടോക്സിനുകളെയാണ് ലക്ഷ്യമിടുന്നത്. നാഡീവ്യൂഹത്തെ തളർത്തുന്ന ആൽഫ-ന്യൂറോടോക്സിനുകൾ (Alpha-neurotoxins), കോശങ്ങളെയും കോശജാലങ്ങളെയും നശിപ്പിക്കുന്ന സൈറ്റോടോക്സിനുകൾ (Cytotoxins), വീക്കവും ആന്തരിക തകരാറുകളും ഉണ്ടാക്കുന്ന ഫോസ്ഫോലൈപേസ് A2 spholipases A2) എന്നിവയാണ് ആ മാരക വസ്തുകൾ. എലികളിൽ നടത്തിയ പരീക്ഷണത്തിൽ, പാമ്പുകടിയേറ്റ് 20-30 മിനിറ്റുകൾക്ക് ശേഷവും വിഷബാധയേറ്റ എലികളെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ഈ ചികിത്സയ്ക്ക് സാധിച്ചു എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ മൂർഖൻ (Naja naja), മൊണോക്ലെഡ് മൂർഖൻ (Naja kaouthia), കൂടാതെ ഇന്ത്യയിൽ കാണപ്പെടുന്ന രണ്ട് തരം രാജവെമ്പാലകൾ (Ophiophagus hannah, Ophiophagus kaalinga) എന്നിവയുടെ വിഷത്തിനെതിരെ ഈ പുതിയ കോക്ടെയിൽ പൂർണ്ണ വിജയം കണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങിനെയെങ്കിൽ രാജ്യത്തെ പാമ്പുകടി ചികിൽസയിൽ വലിയ മാറ്റത്തിനായിരിക്കും ഈ പുതിയ കോക്ക്ടൈൽ വഴിയൊരുക്കുക എന്നാണ് വിലയിരുത്തൽ. എലികളിലെ പരീക്ഷണം വിജയകരമാണെങ്കിലും മനുഷ്യരിലെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിന് മുൻപ് വിപുലമായ സുരക്ഷാ ശോധനകളും ക്ലിനിക്കൽ പരിശോധനകളും ക്ലിനിക്കൽ ട്രയലുകളും പൂർത്തിയാക്കേണ്ടതുണ്ട്.  
പുതിയ ആൻ്റിവെനം കോക്ടെയിൽ ലാബുകളിൽ നിർമ്മിക്കുന്നതിനാൽ പരമ്പരാഗത ആന്റിവെനം നിർമാണത്തിലെപ്പോലെ മൃഗങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല. മാത്രമല്ല വൻതോതിൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്നത് ഭാവിയിലെ നിർമ്മാണച്ചെലവും സമയവും ഗണ്യമായി കുറയ്ക്കും. വിവിധ പ്രദേശങ്ങളിലെ വിഷത്തിനെതിരെ ഒരുപോലെ ഫലപ്രദവുമാണ്. വളരെ കുറഞ്ഞ അളവിൽ കൃത്യമായി പ്രവർത്തിക്കുന്നതിനാൽ പാർശ്വഫലങ്ങളിൽ നിന്നും സുരക്ഷിതമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. വരുംകാലത്ത് രാജവെമ്പാലയും പത്തിമടക്കും എന്ന് തന്നെയാണ് പ്രതീക്ഷയാകുന്ന സൂചനകൾ.