> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇൻഫ്ലുവൻസ: ഗുരുതരമാകാതെ ശ്ര​ദ്ധിക്കണം
- URL: https://www.vaikomvartha.com/influvenca-vires/
- Published: 2026-07-07T08:33:15.000Z
- Updated: 2026-07-07T08:33:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Health

പാലാ: മഴക്കാലമായതോടെ ഇൻഫ്ലുവൻസ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ മൂലമാണ് പനി ഉണ്ടാകുന്നത്. പനിക്കു പുറമെ തലവേദന, തൊണ്ടവേദന, ശരീരവേദന, ഛർദ്ദി, എന്നിവയാണ് പലരിലും ലക്ഷണങ്ങൾ. രോഗബാധിതരായ വ്യക്തികളിൽ നിന്നു ശ്വസനം, തുമ്മൽ, ചുമ എന്നിവയിലൂടെ ഇത് മറ്റുള്ളവരിലേക്ക് വേഗം പകരുകയും ചെയ്യും. മലിനമായ കൈകളാൽ ചുണ്ടുകളിലോ കണ്ണുകളിലോ മൂക്കിലോ സ്പർശിക്കുന്നതിലൂടെയും ഒരാൾക്ക് പനി പിടിപെടാം. മിക്ക ആളുകളും ഇൻഫ്ലുവൻസയിൽ നിന്ന് 5 മുതൽ 7 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കും. എന്നിരുന്നാലും ക്ഷീണവും നേരിയ ചുമയും രണ്ടാഴ്ച വരെ നീണ്ടുനിൽക്കും. ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ ചികിത്സ തേടുകയും വിശ്രമം എടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രോ​ഗം തടയുന്നതിനായി വർഷം തോറും ഇൻഫ്ലുവൻസ വാക്സിനേഷൻ എടുക്കുന്നത് ഏറ്റവും ഉചിതമാണ്. അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനു ഇത് ഉപകരിക്കും.

**ഇൻഫ്ലുവൻസ ​ഗുരുതരമാകാതിരിക്കാൻ ചികിത്സ തേടണം**

കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ബാധിക്കുന്ന രോ​ഗമാണിത്. രോഗം ബാധിച്ചു ശ്വസിക്കാൻ ബുദ്ധിമുട്ടു നേരിടുന്നവരും, ശ്വാസം മുട്ടൽ അനുഭവപ്പെടുന്നവരും ചികിത്സ തേടണം. ചിലരിൽ നെഞ്ചുവേദന, സമ്മർദ്ദം, പെട്ടെന്നുള്ള തലകറക്കം, കഠിനമായ ഛർദ്ദി എന്നിവയും ഉണ്ടാകാറുണ്ട്. രോ​​ഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും ഇൻഫ്ലുവൻസ ​ഗുരതരമായി ബാധിക്കാറുണ്ട്. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ആസ്മ ആക്രമണം, ഹൃദയ പ്രശ്നങ്ങൾ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം തുടങ്ങിയവ ഇൻഫ്ലുവൻസയുടെ സങ്കീർണതകളാകാറുണ്ട്. രോഗലക്ഷണങ്ങൾ ആരംഭിച്ച് ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങളുടെ ദൈർഘ്യം കുറയ്ക്കാനും സങ്കീർണതകൾ തടയാനും സഹായിക്കും. രോ​ഗം ബാധിച്ചവർക്കു വിശ്രമവും അനിവാര്യമാണ്. ചെറുചൂടുവെള്ളം ധാരാളമായി കുടിക്കണം. ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നതിനു സഹായിക്കും. രോഗപ്രതിരോധത്തിനും ഊർജം വീണ്ടെടുക്കുന്നതിനുമായി മതിയായ ഉറക്കവും വേണം.

**ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

. രോ​ഗലക്ഷ​ണങ്ങൾ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക, മാസ്ക് ധരിക്കുന്നതും ഉചിതമാണ്.

. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകി ശുചിത്വം പാലിക്കുക.

. പ്രതലങ്ങളും ഫർണിച്ചറുകളും കളിപ്പാട്ടങ്ങളും പോലുള്ള വസ്തുക്കൾ അണുനാശിനി ഉപയോ​ഗിച്ചു വൃത്തിയാക്കുക.

. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.

. വായ, മൂക്ക്, കണ്ണുകൾ എന്നിവയിൽ‌ കൈകൾ കഴുകാതെ തൊടുന്നത് ഒഴിവാക്കുക.

. എല്ലാ ദിവസവും രാത്രി 6- 8 മണിക്കൂർ ഉറങ്ങുക.

. പതിവ് വ്യായാമത്തിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക.