> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൊന്നോണത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം
- URL: https://www.vaikomvartha.com/innu-atham/
- Published: 2026-08-16T02:22:42.000Z
- Updated: 2026-08-16T03:04:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മാവേലിമന്നനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമായ ഓണത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം. ഇനി പത്തുനാൾ നാടും നഗരവും ഓണാഘോഷത്തിന്റെ ലഹരിയിലാകും. ഓരോ വീടുകളിലും ഇന്ന് മുതൽ പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങും. അത്തം നാളിലാണ് മുറ്റത്ത് ആദ്യത്തെ പൂക്കളം ഒരുക്കുന്നത്. അത്തം നാളിൽ തുമ്പപ്പൂവിനാണ് പ്രാധാന്യം. തുമ്പയും തുളസിയും മുക്കുറ്റിയുമൊക്കെ ഉപയോഗിച്ച് വളരെ ലളിതമായ പൂക്കളമാണ് ഇന്ന് ഒരുക്കുക. വരും ദിവസങ്ങളിൽ പൂക്കളത്തിന്റെ വലുപ്പവും നിറങ്ങളും വർദ്ധിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427-3.jpg)

അത്തം നാളിലെ ഏറ്റവും വലിയ ആകർഷണം എറണാകുളം തൃപ്പൂണിത്തുറയിലെ അത്തച്ചമയമാണ്. കൊച്ചി രാജവംശത്തിന്റെ സ്മരണകൾ ഉണർത്തുന്ന വർണ്ണാഭമായ ഘോഷയാത്രയോടെയാണ് സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്. തെയ്യം, തിറ, കാവടിയാട്ടം, പുലിക്കളി തുടങ്ങി വിവിധ നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000656282-1.png)

അത്തം പിറന്നതോടെ ഓണവിപണികളും സജീവമായിത്തുടങ്ങി. തമിഴ്നാട്ടിൽ നിന്നടക്കം പൂക്കളാണ് കേരളത്തിലെ വിപണികളിലേക്ക് എത്തുന്നത്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ഗൃഹോപകരണ വിപണിയിലും വരും ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടും. കാലം എത്ര മാറിയെങ്കിലും ഓണത്തിന്റെ പകിട്ടിനും ആഘോഷങ്ങൾക്കും മലയാളികളുടെ മനസ്സിൽ യാതൊരു മങ്ങലുമേറ്റിട്ടില്ല. ഗൃഹാതുരത്വമുണർത്തുന്ന ഒട്ടേറെ ഓർമ്മകളുമായാണ് ലോകമെമ്പാടുമുള്ള ഓരോ മലയാളിയും പൊന്നോണത്തെ വരവേൽക്കുന്നത്.