> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം: ഒമാൻ പൈലറ്റിന് തീവ്രവാദ ബന്ധം
- URL: https://www.vaikomvartha.com/international-news/
- Published: 2026-10-03T09:44:37.000Z
- Updated: 2026-10-03T09:44:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, അന്താരാഷ്ട്ര വാര്‍ത്തകൾ

റിയാദ്: ലോകത്തെ ഞെട്ടിച്ച ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി സഹ പൈലറ്റിനെ തിരിച്ചറിഞ്ഞു. ഒമാൻ പൗരനായ ഹമാം അൽഹമാമി ആണ് വിമാനത്തിൽ ഇന്ത്യൻ പൈലറ്റിനെ ആക്രമിച്ചതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. തീവ്ര ആശയങ്ങൾ പുലർത്തിയിരുന്നതിനാൽ മുൻപ് ഒമാനിൽ വിമാനം പറത്തുന്നതിൽ നിന്ന് ഇയാളെ വിലക്കിയിരുന്നു. വിമാനം പറത്തുന്നതിൽ വിലക്ക് തുടർന്നതോടെ അൽഹമാമി രാജ്യം വിട്ടിരുന്നു. ഫ്ലൈദുബായിൽ എട്ട് മാസം മാത്രമാണ് അൽഹമാമി ജോലി ചെയ്തതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. മൊറോക്കോയുടെ ദേശീയ വിമാനക്കമ്പനിയായ 'റോയൽ എയർ മൊറോക്കോ'യിൽ നേരത്തെ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735749-2.jpg)

​സിറിയയിലാണ് ഹമാം അൽഹമാമി കൂടുതൽ സമയം ചെലവഴിച്ചത്. സിറിയയിൽ വെച്ചാണ് കടുത്ത ആശയങ്ങളിലേക്ക് എത്തിയത്. തീവ്ര നിലപാടുകൾ സംബന്ധിച്ച ആശങ്കകളെത്തുടർന്ന് കഴിഞ്ഞ വർഷം ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ 'ഒമാൻ എയറി'ലെ പരിശീലന ചുമതലയിൽ നിന്ന് അൽഹമാമിയെ ഒഴിവാക്കി മറ്റൊരു ജോലി നൽകുകയായിരുന്നു. സിഎൻഎൻ റിപ്പോർട്ടുകൾ പ്രകാരം അൽഹമാമി ഒമാനി പൗരനാണ്. പിതാവ് ഒമാൻ പൗരനും അമ്മ സിറിയക്കാരിയുമാണ്. അതിനാൽ തന്നെ ജീവിതത്തിന്റെ ഭൂരിഭാഗവും സിറിയയിലാണ് ചെലവഴിച്ചത്. ഫ്ലൈദുബായ് വിമാനം തബൂക്കിൽ അടിയന്തരമായി ഇറക്കിയ ശേഷം അൽഹമാമിയെ സൗദി അറേബ്യയിൽ നിന്ന് യു.എ.ഇയിലേക്ക് മാറ്റിയിരുന്നുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. യുഎഇയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട അന്വേഷണം ഇയാൾ നേരിടുന്നുണ്ട്.

​അൽഹമാമിയുടെ ആശയപരമായ നിലപാടുകൾ സംബന്ധിച്ച കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നു. അദ്ദേഹത്തിന്റെ കൈവശം "ഫ്രീ പലസ്തീൻ" (Free Palestine) ഗ്രൂപ്പുകളുടെ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും മറ്റ് പലസ്തീൻ അനുകൂല വസ്തുക്കളും കണ്ടെത്തിയിരുന്നുവെന്ന് ഒരു എമിറാത്തി വൃത്തത്തെ ഉദ്ധരിച്ചുകൊണ്ട് 'i24 ന്യൂസ്' റിപ്പോർട്ട് ചെയ്തു. പലസ്തീനികൾക്ക് പിന്തുണയും ഇസ്രായേലിനോട് എതിർപ്പും സ്വീകരിച്ചിരുന്നയാളാണ് അൽഹമാമിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അൽഹമാമിക്ക് ഇസ്‌ലാമിക തീവ്ര ചിന്താഗതിയുണ്ടായെന്ന ആരോപണത്തെക്കുറിച്ചും ഭീകരവാദപരമായ ഉദ്ദേശ്യങ്ങളെക്കുറിച്ചുമുള്ള അന്വേഷണത്തിന്റെ ഭാഗമായി ഈ വസ്തുക്കൾ പരിശോധിച്ചുവരികയാണ്. ഒമാൻ പൗരനായിരുന്നിട്ടും ടെൽ അവീവിലേക്കുള്ള വിമാനത്തിൽ ജോലി ചെയ്യാൻ അൽഹമാമിക്ക് എങ്ങനെ അനുമതി ലഭിച്ചു എന്നതിനെക്കുറിച്ചുള്ള സംശയം ശക്തമാണ്. ഒമാന് ഇസ്രായേലുമായി നയതന്ത്ര ബന്ധവുമില്ല എന്നതാണ് ഇതിന് കാരണം. അൽഹമാമി എങ്ങനെയാണ് ഫ്ലൈറ്റ് ക്രൂവിന്റെ ഭാഗമായതെന്ന് ഷിൻ ബെറ്റ് (ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസി), മൊസാദ്, സൈന്യം ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായേലി ഉദ്യോഗസ്ഥൻ സി.എൻ.എന്നിനോട് പറഞ്ഞു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് ഫ്ലൈദുബായ്.