> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടം പതിയിരിക്കുന്ന ഇത്തിപ്പുഴ പാലം
- URL: https://www.vaikomvartha.com/ithipuza-bridge-vaikom-kottayam/
- Published: 2026-06-08T06:08:32.000Z
- Updated: 2026-06-08T07:09:30.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വൈക്കം - എറണാകുളം സംസ്ഥാനപാതയിൽ ഇത്തിപ്പുഴ പാലത്തിലൂടെ അപകടയാത്ര. ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലായ അപ്രോച്ച് റോഡ് നന്നാക്കാൻ നടപടി ഇല്ലാത്തതാണ് ഏറെ തിരക്കേറിയ പ്രധാന പാതയിൽ മഴക്കാലത്ത് ദുരന്ത ഭീതി ഉയർത്തുന്നത്. ഇത്തിപ്പുഴ പാലത്തിലെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നുണ്ടായ കുഴിയറിയാതെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ ഉയർന്ന് തെറിക്കുന്ന സ്ഥിതിയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് വാഹനങ്ങൾ നിയന്ത്രണം വിട്ട് എതിരേ വന്ന വാഹനത്തിൽ ഇടിക്കാതിരുന്നതും കൈവരി തകർത്ത് പുഴയിൽ വീഴാതിരുന്നതും. 

നാല് വർഷമായി ഈ പാലത്തിൽ അപകടാവസ്ഥ തുടരുകയാണ്. ഇതിനിടെ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ കൽക്കട്ട് നെടുകെ പിളർന്ന നിലയിലായിട്ടും പൊതുമരാമത്ത് വകുപ്പിന് അനക്കമില്ല. കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നുതവണ ഇവിടെ റോഡ് ഇടിഞ്ഞു താഴ്ന്ന വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. എന്നാൽ ശാശ്വത പരിഹാരം കാണാതെ താൽക്കാലികമായി കല്ലിട്ട് നികത്തി ടാർ ചെയ്തതാണ് വീണ്ടും റോഡ് താഴ്ന്ന് അപകടാവസ്ഥയിലാകാൻ കാരണം. പാലത്തിലെ ദുരന്ത സാധ്യത ചൂണ്ടിക്കാട്ടി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് രണ്ട് തവണ റിപ്പോർട്ട് ചെയ്തിട്ടും നടപടി ഉണ്ടായിട്ടില്ല. കണ്ടെയ്നർ അടക്കമുള്ള ഭാരവാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന ഈ പാലത്തിൽ മഴ കനത്തതോടെ വൻ ദുരന്ത സാധ്യതയാണ് ഉള്ളത്. വൈക്കം -എറണാകുളം പ്രധാന റോഡിൽ 1956 ലാണ് മൂവാറ്റുപുഴയാറിന്   
കുറുകെ ഇത്തിപ്പുഴ പാലം നിർമ്മിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566142-8.jpg)

വീതി കുറഞ്ഞ പാലത്തിലൂടെ ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വന്നാൽ കാൽനടക്കാർ അപകടത്തിൽപെടുന്നതും പതിവാണ്. മാത്രവുമല്ല നിലവിൽ റോഡരുകിലാകെ കാട് പിടിച്ച നിലയിലുമാണ്. ഇതിനിടയിലാണ് ഒരു ഭാഗത്തെ അപ്രോച്ച് റോഡിൻ്റെ കൽക്കെട്ട് ഭയാനകമായി വിള്ളൽ വീണ് കല്ലുകൾ ഇളകി ദുരന്തഭീതി ഉയർത്തുന്നത്. അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ മഴ രൂക്ഷമാകുന്നതോടെ വലിയ ദുരന്ത സാധ്യതയാണ് ഇവിടെ ഉയരുന്നത്.