> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജില്ലാതല ഓണാഘോഷം - ഓണനിറവ് 2026
- URL: https://www.vaikomvartha.com/jilla-onaghosam-kottayam/
- Published: 2026-08-24T13:57:35.000Z
- Updated: 2026-08-24T13:57:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം - ഓണനിറവ് 2026 ന് തുടക്കമായി. തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ആശങ്കകളില്ലാതെ ഓണം ആഘോഷിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സിവിൽ സപ്ലൈസ് കോര്‍പ്പഷന്‍റെ വില്‍പ്പന ശാലകളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ആവശ്യമുള്ള അവശ്യ വസ്തുക്കൾ ലഭ്യമാക്കി. പെന്‍ഷനും മറ്റ് ധനസഹായങ്ങളും വിതരണം ചെയ്ത് ഓണത്തോടനുബന്ധിച്ച് ജനങ്ങള്‍ക്കു വേണ്ടി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000675935-4.jpg)

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ബസേലിയസ് കോളജ് മൈതാനത്തുനിന്ന് തിരുനക്കര മൈതാനിയിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടന്നു. ഉദ്ഘാടന വേദിയില്‍ നീലാംബരി ഓർക്കസ്ട്രയുടെ മ്യൂസിക്കൽ ഫ്യൂഷന്‍ അരങ്ങേറി. ഉദ്ഘാടനച്ചടങ്ങിനു ശേഷം കോട്ടയം കമ്യൂണിക്കേഷന്‍സിന്‍റെ ഗാനമേള നടന്നു. ഓഗസ്റ്റ് 28 വരെയാണ് ജില്ലാതല ഓണാഘോഷം. എല്ലാദിവസവും വൈകിട്ട് വൈവിധ്യമാർന്ന കലാ-സംസ്‌കാരികപരിപാടികളും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ജലവിഭവ-ഭവനനിർമാണവകുപ്പ് മന്ത്രി മോൻസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, ഫാ. തോമസ് പുതുശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യൂജിൻ തോമസ്, അസീസ് കുമാരനെല്ലൂർ, അഡ്വ. ജയ്‌സൺ ജോസഫ്, ടോണി കുമരകം എന്നിവർ പ്രസംഗിച്ചു.