> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു
- URL: https://www.vaikomvartha.com/kaduthuruthi/
- Published: 2026-06-03T07:20:23.000Z
- Updated: 2026-06-03T10:40:09.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ എത്തക്കുഴി, കപിക്കാട് പ്രദേശങ്ങളിൽ മാസങ്ങളായുള്ള ആഫ്രി ക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. മഴക്കാലം കൂടി എത്തിയതോടെ പ്രദേശത്തെ ജനങ്ങൾ ആരോഗ്യ ഭീഷണിയിലാണ്. 

0:00 

/0:04 

1× 

വീട്ടിലിരുന്ന് ആഹാരം കഴിക്കാനോ പുറത്തിറങ്ങാനോ കഴിയാതെ ബുദ്ധി മുട്ടിലായിരിക്കുകയാണ് നാട്ടുകാർ. ഒച്ചുകളെ നശിപ്പിക്കാനോ നിയന്ത്രിക്കാനോ ഒരു നടപടിയും പഞ്ചായത്ത് ഇതുവരെ എടുത്തിട്ടില്ലെന്നാണ് പരാതി. 12,13 വാർഡുകളിലാണ് ഒച്ച് ശല്യം കൂടുതൽ കാണുന്നത്. പ്രദേശത്തെ വീടുകളിലെ പച്ചക്കറികളും ചെടികളും ഇവ നശിപ്പിക്കുകയാണ്. റോഡരികിലും വീടുകളുടെ മതിലുകളിലും നൂറു കണക്കിന് ആഫ്രിക്കൻ ഒച്ചുകളാണ് ദിവസേന പ്രത്യക്ഷപ്പെടുന്നത്. ഇവ വീടുകൾക്കകത്തും മുറ്റത്തും കിണറുകളിലും വരെ വ്യാപിക്കുന്ന സ്ഥിതിയാണ്. ദിവസേന രണ്ടും മൂന്നും ബക്കറ്റ് ആഫ്രിക്കൻ ഒച്ചുകളെയാണ് പിടികൂടി പ്രദേശവാസികൾ നശിപ്പിക്കുന്നത്. വൈകുന്നേരമായാൽ മിക്ക വീടുകളിലേയും ഒച്ചുകളെ പിടികൂടി നശിപ്പിക്കേണ്ട സ്ഥിതിയിലാണ് പ്രദേശവാസികൾ. വലിയ രീതിയിൽ കൃഷികളെല്ലാം നശിപ്പിച്ചിട്ടും കൃഷി വകുപ്പോ ബന്ധപ്പെട്ട അധികൃതരോ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇവ വീടുകളിലേക്കും വ്യാപിച്ചതോടെ ഗുരുതര ആരോഗ്യ ഭീഷണിയുമുയരുകയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566140-2.jpg)

കുട്ടികളിലടക്കം മസ്തിഷ്കജ്വരത്തിന് (മെനിഞ്ചൈറ്റിസ്) ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിദ്ധ്യം കാരണമാവും. ഒച്ചുകളെ നശിപ്പിക്കുകയും വ്യാപനം തടയാൻ നടപടി എടുക്കുകയും വേണമെന്നാണ് ആവശ്യം ഉയരുന്നത്.