> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ
- URL: https://www.vaikomvartha.com/karkkidaka-vavu-2/
- Published: 2026-08-12T08:29:29.000Z
- Updated: 2026-08-13T12:46:07.000Z
- Description: വൈക്കം: കർക്കിടകവാവ് ദിനത്തിൽ പിതൃക്കളെ ഊട്ടി ആയിരങ്ങൾ പിതൃതർപ്പണ പുണ്യം നേടി
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: കർക്കിടകവാവ് ദിനത്തിൽ പിതൃക്കളെ ഊട്ടി ആയിരങ്ങൾ പിതൃതർപ്പണ പുണ്യം നേടി. കീറ്റിലയിൽ അരിയും എള്ളും അർപ്പിച്ച് ഒരിറ്റ് ജലം ഇറ്റിച്ച് ഹൃദയത്തിലേറ്റിയ ഒരു തലമുറയെ ഊട്ടിയതിന്റെ നിറവിലായിരുന്നു ജനസഹസ്രങ്ങളുടെ മടക്കം. മാതാപിതാക്കളുടെയും ഉറ്റവരുടെയും ഓർമ്മകളിൽ പലരും വിങ്ങി. കാർമ്മികൻ ചൊല്ലിയ മന്ത്രം ഏറ്റുചൊല്ലി ഇലയിൽ ഇറ്റിച്ചത് പലരുടെയും കണ്ണീർത്തുള്ളി കൂടിയായിരുന്നു. കർമ്മങ്ങൾക്ക് ശേഷം പിതൃതർപ്പണ ഇലചിന്തുമായി തലയ്ക്കുചുറ്റി നീറ്റിൽ ഒഴുക്കിമുങ്ങി കയറിയാണ് പിതൃതർപ്പണം പൂർത്തിയാക്കിയത്. ഉദയനാപുരം പിതൃകുന്നം ക്ഷേത്രത്തിൽ പുലർച്ചെ തുടങ്ങിയ ചടങ്ങ് ഉച്ചവരെ നീണ്ടു. 

കുളക്കരയിലും പന്തലിലുമായി മൂന്നിടങ്ങളിലാണ് പത്ത് കാർമികരുടെ നേതൃത്വത്തിൽ ഇവിടെ ബലിതർപ്പണ ചടങ്ങുകൾ നടന്നത്. പിതൃകുന്നത്ത് ബലി തർപ്പണത്തിനായി കോട്ടയം, എറണാകുളം ജില്ലയിലെ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. ക്ഷേത്ര കാര്യദർശി പി. വാസുദേവൻ നമ്പൂതിരി, തന്ത്രി ഇരിങ്ങാലക്കുട പയ്യംമ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ 24 കൗണ്ടറുകൾ ഏർപ്പെടുത്തിയിരുന്നു 10 ആചാര്യൻമാരും ഉണ്ടായിരുന്നു. പിതൃക്കൾക്ക് നിത്യ മോക്ഷം നൽകുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് പിതൃകുന്നം മാഹാ വിഷ്ണു ക്ഷേത്രം. പടിഞ്ഞാറ് ദർശനമായി നിലകൊള്ളുന്ന ഇവിടെ ബലിതർപ്പണം നടത്തിയാൽ ഏഴു തലമുറകൾക്ക് സായൂജ്യം ലഭിക്കുമെന്ന് വിശ്വാസം. വടക്കു കിഴക്കുഭാഗത്തുള്ള ഗണപതി സാന്നിദ്ധ്യമുള്ള കുളത്തിലാണ് ബലിതർപ്പണം നടത്തുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-33.jpg)

വൈക്കത്തെ ഊരാഴ്മക്കാരായ 108 ഇല്ലങ്ങളിൽ ഒന്നായ നാരായണനെല്ലൂർ മനയിലെ കാരണവർ പതിവ് രീതിയിൽ ഇവിടെ സ്നാനം ചെയ്ത് തർപ്പണം ചെയ്യവെ രണ്ടു കൈകൾ ഉയർന്ന് പൊങ്ങിയെന്നും മോക്ഷം ലഭിച്ചതായി അശരീരി ഉയർന്നതായും വിശ്വാസം. തനിക്കു ലഭിക്കുന്ന പുണ്യം മറ്റു ഭക്തൻമാർക്കും ലഭിക്കണമെന്ന അപേക്ഷ പ്രകാരം വൃതനിഷ്ഠയോടെ വർഷം തോറും ഇവിടെയെത്തി ബലിതർപ്പണം നടത്തിയാൽ പിതൃക്കൾ തൃപ്തരാകുമെന്നാണ് വിശ്വാസം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000657880-1.jpg)

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം

ചെമ്മനത്തുകര 1173 -നമ്പർ എൻ.എസ്.എസ് കരയോഗം വക ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന കർക്കടക വാവ് ബലിക്ക് ഹരിപ്പാട് നാരായണ മംഗലത്ത് പരമേശ്വര ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്ര മേൽ ശാന്തി പൊന്നു വള്ളി ഇല്ലത്ത് കൃഷ്ണൻ മുത്തത്, മാന്ത്ര മഠത്തിൽ മോഹനൻ പോറ്റി എന്നിവർ സഹകാർമ്മികരായി. ക്ഷേത്രം പ്രസിഡൻ്റ് ശശിധരൻ നായർ പി.എം, സെക്രട്ടറി രാകേഷ് ടി നായർ, ട്രഷറർ പി.സി ശ്രീകാന്ത് കമ്മറ്റി അംഗങ്ങളായ വിജയകുമാർ, രാജേന്ദ്രൻ, അനൂപ് ആർ. നായർ, വിനോദ് എന്നിവർ നേതൃത്വം നല്കി. എസ്.എൻ.ഡി.പി യോഗം ഏനാദി ശാഖയിലെ പിതൃതർപ്പണം ഏനാദി ഗുരുക്ഷേത്രത്തിൽ നടന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-55.jpg)

തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ഹരീഷ് ഹരിഹരൻ, ശ്രീക്കുട്ടൻശാന്തി എന്നിവരുടെ കാർമികത്വത്തിലാണ് ബലിതർപ്പണചടങ്ങുകൾ നടന്നത്.  
ക്ഷേത്ര ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപള്ളി, സെക്രട്ടറി ഷിനോജ് കരിമാന്താറ്റ്, വൈസ് പ്രസിഡൻ്റ് അജയകുമാർ പാലശ്ശേരി, ഖജാൻജി രജിമോൻ എരിഞ്ഞിക്കുഴി, മഹിളാ സമാജം പ്രസിഡൻ്റ് ലീലാമണി രമണൻ,  
സെക്രട്ടറി രതീബാബു എന്നിവർ നേതൃത്വം നൽകി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000658012.jpg)

തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രം

തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി പുലർച്ചെ ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തിയുടേയും ഗോകുൽ ശാന്തിയുടേയും കാർമ്മികത്വത്തിൽ നടന്നു. ചെമ്പ് മുറിഞ്ഞുപുഴ ജഗദംബിക ക്ഷേത്രം കർക്കിടക വാവ് ബലിതർപ്പണം നിലമ്പൂർ പൂതാനം ധർമ്മഗിരി വിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി രാധാകൃഷ്ണാനന്ദ സരസ്വതി, പ്രസാദ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിലാണ് നടന്നത്. ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രം, ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലും പിതൃതർപ്പണത്തിന് നൂറുകണക്കിനാളുകൾ എത്തി.