> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടോറസ് ലോറി തട്ടി പൊട്ടിവീണ കേബിൾ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ്റെ കഴുത്തിൽ കുരുങ്ങി പരുക്കേറ്റു
- URL: https://www.vaikomvartha.com/kebile-kurungi-parikkettu/
- Published: 2026-05-06T18:05:08.000Z
- Updated: 2026-05-06T18:05:08.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വൈക്കം - വെച്ചൂർ റോഡിൽ ടോറസ് ലോറി തട്ടി പൊട്ടിവീണ കേബിൾ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ്റെ കഴുത്തിൽ കുരുങ്ങി പരുക്കേറ്റു.  
തോട്ടകത്തിന് സമീപമാണ് ഇന്നലെ ബുധൻ 11 മണിയോടെ അപകടമുണ്ടായത്. തലയോലപ്പറമ്പ് സ്വദേശിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് വൈക്കം ഓഫിസിലെ പൊതുമരാമത്ത് വിഭാഗം ഓവർസിയറുമായ നവനീതിനാണ് കഴുത്തിന് പരിക്കേറ്റത്. ജോലി സംബന്ധമായി തൃപ്പക്കുടം ക്ഷേത്രത്തിൽ പോയശേഷം വൈക്കത്തേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. ബൈക്കിന് വേഗത കുറവായതിനാലും പിന്നാലെ മറ്റു വാഹനങ്ങൾ ഉണ്ടാകാതിരുന്നതിനാലും ആണ് നവനീത് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. മുമ്പിൽ പോയ ടോറസ് ലോറി കേബിളിൽ തട്ടി ആണ് കേബിൾ പൊട്ടിവീണത്. ഇത് പിന്നാലെ ബൈക്കിൽ വന്ന നവനീതിൻ്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ബൈക്ക് മിറിയാതെ നിയന്ത്രിക്കാൻ ആയതും നവനീതിന് രക്ഷയായി. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മകനാണ് നവനീത്. മാതാവിൻ്റെ അപകട മരണത്തെ തുടർന്ന് സർക്കാർ നൽകിയ ജോലിക്കിടെയാണ് ഈ അപകടം ഉണ്ടായത്. നവനീത് വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെങ്കിലും വീട്ടിൽ വിശ്രമത്തിലാണ്.