> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെള്ളപ്പൊക്കത്തിനിടയിലും മഴയിൽ 22% കുറവ്: കേരളം വരൾച്ചാ മുന്നറിയിപ്പിന്റെ അരികെ
- URL: https://www.vaikomvartha.com/kerala-news-17/
- Published: 2026-09-03T06:00:39.000Z
- Updated: 2026-09-04T10:31:06.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

കോട്ടയം: വെള്ളപ്പൊക്കവും ദുരിതവും എല്ലാം മഴ സൃഷ്ടിച്ചിട്ടും കഴിഞ്ഞ മൂന്നു മാസത്തിനിടെ നമുക്ക് ലഭിച്ച മഴയിൽ, 22% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേരളം വരൾച്ചാ മുന്നറിയിപ്പിന് അരികെ എന്നാണ് റിപ്പോർട്ടുകൾ.  
2024 ലും 2025 ലും 13% ആയിരുന്ന മഴക്കുറവാണ് നിലവിൽ 22% ആയി ഉയർന്നത്. നിലവിൽ അടിയന്തര വരൾച്ചാ പ്രഖ്യാപനത്തിന്റെ സാഹചര്യമില്ലെങ്കിലും മഴക്കുറവ് ഇതുപോലെ തുടർന്നാൽ അടിയന്തര നടപടികളിലേക്കു കടക്കേണ്ടിവരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സെപ്റ്റംബറിൽ രാജ്യത്തു ലഭിക്കുന്ന മഴ ദീർഘകാല ശരാശരിയെക്കാൾ 9 ശതമാനത്തിലേറെ കുറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വരൾച്ചാസാധ്യത സർക്കാർ വിലയിരുത്തി. നിലവിലെ ജലലഭ്യത, അണക്കെട്ടുകളിലെ ജലനിരപ്പ്, താപനില എന്നിങ്ങനെയുള്ള കാര്യങ്ങൾ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ നിരീക്ഷിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് കലക്‌ടർമാർക്കു നിർദേശവും നൽകിയതായാണ് വിവരം. മഴക്കുറവും ഉയർന്ന താപനിലയും നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയ വിളകൾക്കൊപ്പം തെങ്ങ്, റബർ, കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകളെയും ബാധിക്കും. 10 ശതമാനത്തിനു മുകളിലുള്ള മഴക്കുറവ് ചില പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമത്തിനു കാരണമാകും. 26 ശതമാനത്തിനു മുകളിലുള്ള കുറവ് ഗുരുതര ജലസമ്മർദത്തിലേക്കു നയിക്കും. നീരൊഴുക്കിനെയും ജലശേഖരത്തെയും ബാധിച്ചാൽ ജലവൈദ്യുതി ഉൽപാദനം കുറഞ്ഞ്, പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ തോത് കൂട്ടേണ്ടിവരും. എന്നിങ്ങനെയുള്ള പ്രതിസന്ധികളാണ് മഴക്കുറവിലൂടെ ഉണ്ടാവാൻ സാധ്യതയുള്ളത് എന്നതാണ് വരൾച്ച ആശങ്ക ഉയർത്തുന്നത്.