> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അജൈവമാലിന്യത്തിന് ഇനി പ്രതിഫലം: യൂസർഫീ വീടിന്റെ വലുപ്പമനുസരിച്ച് നിശ്ചയിക്കും
- URL: https://www.vaikomvartha.com/kerala-news-20/
- Published: 2026-09-12T06:04:42.000Z
- Updated: 2026-09-12T06:04:42.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

തിരുവനന്തപുരം: അജൈവമാലിന്യം ശേഖരിക്കുന്ന രീതി മാറുന്നു. സമഗ്രമാറ്റം കൊണ്ടുവരാണ് ആലോചന. സംസ്ക്കരിച്ച് ഉപയോഗിക്കാവുന്ന മാലിന്യത്തിന് പ്രതിഫലം നൽകാനാണ് ആലോചന നടക്കുന്നത്. യു.ഡി.എഫ് സർക്കാരിനു കീഴിൽ പുനഃസംഘടിപ്പിച്ച, തദ്ദേശ വകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്റെ ആദ്യ യോഗത്തിലാണു പദ്ധതിയുടെ പ്രാഥമിക ചർച്ചകൾ നടന്നത്. മന്ത്രി കെ.എം. ഷാജി, സംസ്‌ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ, അംഗം ഡോ.പി.പി. ബാലൻ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിലാണ് മാറ്റം ചർച്ച ചെയ്തത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-6.jpg)

  
വീട്ടുകാരെ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രേരിപ്പിക്കാനും സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനും വേണ്ടിയാണ് പ്രതിഫലം നൽകുന്ന കാര്യം പരിഗണിക്കുന്നത്. എന്നാൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേ യൂസർ ഫീ ശേഖരിക്കുന്നത് മാറ്റമില്ലാതെ തുടരും. വീടിന്റെ വലുപ്പമനുസരിച്ച് യൂസർഫീ പിരിക്കാനും ഒരുആലോചനയുണ്ട്. ചെറിയ വീടുള്ളവർ കുറഞ്ഞതുക നൽകിയാൽ മതിയെന്ന രീതിയാണ് പരിഗണനയിൽ. യൂസർഫീ പിരിക്കുന്നത് ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യും. ശാസ്തീയമായ മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ചു സമഗ്രമായി പഠിക്കാനും ശാസ്ത്രീയവും സുസ്ഥിരവുമായ പദ്ധതികൾ തയാറാക്കാനുമായി കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര ചെയർമാനായും ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ട‌ർ കബീർ ബി. ഹാറൂൺ കൺവീനറായും ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.