> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ
- URL: https://www.vaikomvartha.com/kerala-news-ksrtc/
- Published: 2026-07-30T09:36:50.000Z
- Updated: 2026-07-30T09:36:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

​തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് യാത്രകൾ ഇനി കൂടുതൽ ആസ്വാദ്യകരമാകും. ഓർഡിനറി, സൂപ്പർ ഫാസ്റ്റ് ബസുകളിൽ യാത്രക്കാർക്കായി 32 ഇഞ്ച് ടി.വി സ്‌ക്രീനുകൾ സ്ഥാപിക്കാൻ ബോർഡ് തീരുമാനിച്ചു. ടി.വികളിൽ പരസ്യം പ്രദർശിപ്പിച്ച് കോർപ്പറേഷന് അധിക വരുമാനം കണ്ടെത്തുകയാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 500 ബസുകളിലാണ് ടി.വികൾ വരുന്നത്. കോട്ടയം ആസ്ഥാനമായുള്ള കമ്പനിക്കാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. ഡ്രൈവറുടെ സീറ്റിന് പുറകിലായി, ബസിലുള്ള എല്ലാ യാത്രക്കാർക്കും വ്യക്തമായി കാണാൻ കഴിയുന്ന ഉയരത്തിലാണ് ടി.വി ക്രമീകരിക്കുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-92.jpg)

​പദ്ധതിക്കായി കെ.എസ്.ആർ.ടി.സിക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ല എന്നതാണ് പ്രധാന പ്രത്യേകത. ടി.വി സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും കരാർ കമ്പനി തന്നെയാണ്. പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക ലൈസൻസ് ഫീസായി കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുകയും ചെയ്യും. കേവലം പരസ്യങ്ങൾ മാത്രമല്ല ടി.വിയിലൂടെ കാണിക്കുക. തത്സമയ വാർത്തകൾ, ബസ് സഞ്ചരിക്കുന്ന വഴിയിലെ വിവരങ്ങൾ, അടുത്ത സ്റ്റോപ്പ്, സമയക്രമം, കെ.എസ്.ആർ.ടി.സിയുടെ മറ്റ് പ്രധാന അറിയിപ്പുകൾ എന്നിവയെല്ലാം സ്ക്രീനിൽ തെളിയും. നിലവിൽ നാനൂറോളം ബസുകളിൽ ഈ സംവിധാനം വിജയിച്ചതോടെയാണ് കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നത്. എന്നാൽ, കോർപ്പറേഷന്റെ കൃത്യമായ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷമുള്ള ഉള്ളടക്കങ്ങൾ മാത്രമേ ടിവിയിൽ പ്രദർശിപ്പിക്കുകയുള്ളൂ.