> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ്
- URL: https://www.vaikomvartha.com/kerala-police-3/
- Published: 2026-07-30T08:48:09.000Z
- Updated: 2026-07-30T08:48:09.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Ernakulam

ആലുവ: കരുമാലൂരിലെ വീട്ടിൽ നിന്ന് സുഹൃത്തിന്റെ ബുക്ക് വാങ്ങാനാണെന്ന് പറഞ്ഞ് ശനിയാഴ്ച രാത്രി 8 മണിയോടെ പോയ 12 കാരിയെ തേടി ഇറങ്ങിയ ആലുവ പൊലീസ് സ്‌ക്വാഡിൻ്റെ അന്വേഷണം ഒരു സിനിമാ കഥയാണെന്ന് തോന്നും. എന്നാൽ നടന്നത് സിനിമാ കഥയെ വെല്ലുന്ന തിരിച്ചിലായിരുന്നു.  
ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ സതീഷും സിവിൽ പോലീസ് ഓഫീസർമാരായ ഷാരോൺ, അൻഷാദ്, ലിഞ്ജു എന്നിവരാണ് കർണാടകയും ഗോവയും മഹാരാഷ്ട്രയും താണ്ടിയ അന്വേഷണ മികവ് കാഴ്ചവച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/bc2a11cd-a7b4-4cfb-b593-286b66f01422-1_all_36715-3.jpg)

അന്വേഷണം തുടങ്ങിയ സംഘത്തിന് മുന്നിൽ ദുരൂഹതയും ശൂന്യതയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന പെൺകുട്ടിയുടെ സി.സി.ടി.വി ദൃശ്യമല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല കൈയ്യിൽ... അതുമായാണ് നാലംഗ അന്വേഷണ സംഘം നാല് നാൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിൽ 1500 കിലോമീറ്റർ അകലെ പൂണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി ഒറ്റയ്ക്കല്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘം നീങ്ങിയത്... ഒപ്പമുള്ളത് ഓച്ചിറ സ്വദേശി അഭിജിത്താണെന്നും മനസിലാക്കിയായിരുന്നു തുടക്കം. ഇതോടെ അഭിജിത്തിൻ്റെ ഫോൺ ലൊക്കേഷൻ പോലിസ് നോട്ടമിട്ടു. ഇടക്കിടെ ഓണാക്കിയും ഓഫാക്കിയും വച്ച ഇയാളുടെ ഫോണിലെ ഇൻസ്റ്റയിലേക്ക് പോലീസ് പണി തുടങ്ങി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-19.jpg)

ഒളിച്ചോട്ട ബുദ്ധി അങ്ങനെയാണ് സംഘം പൊളിച്ചടുക്കിയത്. ആദ്യം മംഗലൂരു, പിന്നീട് ധാരാവി, താനെ, ഗോവ, ഒടുവിൽ പുണെ ഇങ്ങനെ ഫോൺ ലോക്കേഷൻ മാറിയത് കണ്ടു... സാങ്കേതികതയും പൊലീസ് മിടുക്കും സമാസമമായപ്പോൾ നിസാമുദീൻ എക്സ്പ്രസിൽ നിന്ന് ഇന്നലെ വൈകിട്ട് രണ്ട് പേരെയും അങ്ങ് പൊക്കാനുമായി... ഐസ്ക്രീം വിൽപനക്കാരനാണ് പിടിയിലായ അഭിജിത്ത്. ഫോൺ ഓഫാക്കിയും ട്രെയിൻ ഒഴിവാക്കി ആദ്യം കുറെ യാത്ര ചെയ്തും പൊലീസിനെ വട്ടം ചുറ്റിക്കാൻ നോക്കിയതാണ് ആലുവ സ്ക്വാഡ് പൊളിച്ചടുക്കിയത്. ഒരു കാറിൽ 3000 കിലോമീറ്റർ യാത്ര ചെയ്താണ് 12 കാരിയെ ആലുവയിലെത്തിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ചത്. പന്ത്രണ്ട് കാരിയെ നാട് കടത്താൻ നോക്കിയ അഭിജിത്ത് അകത്താകും. പോക്സോ, തട്ടി കൊണ്ടുപോകലാണ് കേസ്.