> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും
- URL: https://www.vaikomvartha.com/kollam-news-2/
- Published: 2026-09-29T10:53:48.000Z
- Updated: 2026-09-29T10:53:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kollam

കൊല്ലം: മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇതിനായി ഭൂമി വിട്ടുനൽകുന്നവരുടെ ആശങ്കകൾ പരിഹരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. പദ്ധതിക്കായി ഭൂമി ഭാഗികമായി ഏറ്റെടുക്കുമ്പോൾ ബാക്കി വരുന്ന ഭൂമി ഉപയോഗശൂന്യമാകുന്ന സാഹചര്യമുണ്ടെങ്കിൽ അതും കൂടി ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിനായി കൂടുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നാല് കുടുംബങ്ങളെയാണ് ഭാഗികമായ ഭൂമി ഏറ്റെടുക്കൽ ബാധിക്കുന്നത്. മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട പൈലിങ് പ്രവർത്തനങ്ങൾ നടക്കുമ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന നാട്ടുകാരുടെ ആശങ്കയും പരിഹരിക്കും. ഇതിനായി നിർമാണത്തിന് മുൻപായി കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതി രേഖപ്പെടുത്തുകയും, നിർമാണ സമയത്ത് കേടുപാടുകൾ സംഭവിക്കുന്ന വീടുകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-18.jpg)

​വികസന പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് അധിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കണമെന്ന് എം.പി വ്യക്തമാക്കി. മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കൊല്ലം കളക്ടറേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് എം.പി ഈ തീരുമാനങ്ങൾ അറിയിച്ചത്. ഭൂവുടമകളുടെ പരാതികൾ വിശദമായി കേട്ട അദ്ദേഹം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.