> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതി ഭേദഗതി സമർപ്പിക്കാം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
- URL: https://www.vaikomvartha.com/kottayam-jilla-panchayath-news/
- Published: 2026-07-29T07:11:40.000Z
- Updated: 2026-07-29T07:11:40.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശഭരണ​ സ്ഥാപനങ്ങൾക്ക് പുതിയ സംസ്ഥാന ബജറ്റിന് അനുസൃതമായി വാർഷിക പദ്ധതി ഭേദഗതി നടത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാമെന്ന് സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് അറിയിച്ചു. 2026-27 വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റിനനുസരിച്ചും മുൻവർഷത്തെ പൂർത്തീകരിക്കാത്ത പദ്ധതികൾ സ്പിൽ ഓവർ ആയി ഉൾപ്പെടുത്തിയുമാണ് വാർഷിക പദ്ധതി പരിഷ്‌കരിക്കേണ്ടത്. പുതിയ ബജറ്റ് പ്രകാരം ജില്ലയിലെ 89 തദ്ദേശഭരണ സ്ഥാപനങ്ങൾക്കുമായി 477.48 കോടി രൂപ പദ്ധതി പ്രവർത്തനങ്ങൾക്കായി ലഭ്യമാണ്. ഇതിൽ 67.80 കോടി രൂപ പട്ടികജാതി വികസനത്തിനും 40.70 കോടി രൂപ പട്ടികവർഗ വികസന പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കും.  
ഗ്രാമപഞ്ചായത്തുകൾക്ക് 251.71 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 59.17 കോടി രൂപയും നഗരസഭകൾക്ക് 106.18 കോടി രൂപയും ജില്ലാ പഞ്ചായത്തിന് 60.41 കോടി രൂപയുമാണ് ലഭിക്കുക.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-80.jpg)

  
പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം ജില്ലയിൽ ബേസിക് ഗ്രാന്റ് ഇനത്തിൽ 56.86 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കും. ഈ തുക നിബന്ധനകൾക്ക് വിധേയമായി പ്രാദേശിക ആവശ്യങ്ങൾക്കായി ഉപാധികളോടെ ചെലവഴിക്കാൻ കഴിയും. അൺടൈഡ് ഇനത്തിൽ ലഭിക്കുന്ന 56.86 കോടി രൂപ യഥേഷ്ടം ചെലവഴിക്കാം. എന്നാൽ പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിനുളള മാർഗനിർദ്ദേശങ്ങൾ നിലവിൽ ലഭ്യമല്ലാത്തതിനാൽ പ്രസ്തുത പ്രോജക്ടുകൾ ഇപ്പോൾ വാർഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ടതില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വികസന ഫണ്ടിന്റെ ഭാഗമായ പൊതുവിഭാഗം സാധാരണ വിഹിതം, പട്ടികജാതി ഉപപദ്ധതി വിഹിതം, പട്ടിക വർഗ ഉപപദ്ധതി വിഹിതം, മെയിന്റനൻസ് ഫണ്ട് എന്നീ ഇനങ്ങളിലും പുതുക്കിയ ബജറ്റ് വിഹിതത്തിന് അനുസൃതമായി വാർഷിക പദ്ധതി ക്രമപ്പെടുത്തണം. പട്ടികജാതി പട്ടികവർഗ ഉപപദ്ധതി വിഹിതമായി 2025-26 ൽ യഥാർത്ഥത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ച തുകയിൽ നിന്നുളള ചെലവിനെ അടിസ്ഥാനമാക്കി പരിഹാരവകയിരുത്തൽ നടത്തിയാൽ മതിയാകും. ഹെൽത്ത് ഗ്രാന്റ് ഇനത്തിൽ 2025-26 ലെ വിഹിതം വിനിയോഗിക്കുന്നതു സംബന്ധിച്ച് വിശദമായ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചുണ്ട്. നടപടി ക്രമങ്ങൾ പാലിച്ച് ഭേദഗതി അംഗീകാരം നേടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദഹം അറിയിച്ചു.