> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്‌കൂളുകളിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണം: ലംഘിച്ചാൽ നടപടിയെന്ന് കളക്ടർ ചേതൻ കുമാർ മീണ
- URL: https://www.vaikomvartha.com/kottayam-news-13/
- Published: 2026-08-13T12:51:16.000Z
- Updated: 2026-08-18T06:52:58.000Z
- Description: കോട്ടയം: ലഹരി ഉപയോഗ സ്കൂളുകൾ റിപ്പോർട്ട് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലകളക്ടർ ചേതൻ കുമാർ മീണ
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

കോട്ടയം: ലഹരി ഉപയോഗ സ്കൂളുകൾ റിപ്പോർട്ട് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലകളക്ടർ ചേതൻ കുമാർ മീണ. വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സ്‌കൂളുകൾക്കെതിരേ നടപടിയെന്നും ജില്ലാ കളക്ടർ അറിയിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി-ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിപദാർഥമായ ടി.എച്ച്.സി. (ടെട്രാഹൈഡ്രോകനാബിനോൾ) കലർന്ന മിഠായി സ്‌കൂൾ വിദ്യാർത്ഥികൾ ഉപയോഗിച്ചതിന് 34 കേസുകളാണ് എക്സൈസ് വകുപ്പ് ജില്ലയിൽ അടുത്തിടെ എടുത്തത്. കേസുകൾ കണ്ടെത്തുമ്പോൾ സ്‌കൂളിന്റെ സൽപേരിനെ ബാധിക്കുമെന്നു ഭയന്ന് റിപ്പോർട്ട് ചെയ്യാതിരിക്കുകയും കുട്ടികളെ സ്‌കൂളിൽ നിന്നു പുറത്താക്കുകയും ചെയ്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്കു സാധിക്കും. അതുകൊണ്ട് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ സ്‌കൂളുകൾക്ക് കർശന നിർദേശം നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകി. എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. പരാതികൾ സമയബന്ധിതമായി പരിശോധിച്ച് വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണം കളക്ടർ നിർദേശിച്ചു.