> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രമുഖ ഗ്രന്ഥശാലാ പ്രവർത്തകനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റുമായ എബ്രഹാം ഇട്ടിച്ചെറിയ അന്തരിച്ചു
- URL: https://www.vaikomvartha.com/kottayam-news-23/
- Published: 2026-08-31T02:46:33.000Z
- Updated: 2026-08-31T02:46:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം**:** കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുൻനിര നായകനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റുമായ ഏബ്രഹാം ഇട്ടിച്ചെറിയ ചക്കാലയിൽ (88) അന്തരിച്ചു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ, കോട്ടയം വൈ.എം.സി.എ, രാമവർമ്മ യൂണിയൻ ക്ലബ്ബ് എന്നിവയുടെ മുൻ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

1982 മുതൽ നാലു പതിറ്റാണ്ടിലേറെക്കാലം കോട്ടയം പബ്ലിക് ലൈബ്രറിയെ നയിച്ച അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് സ്ഥാപനത്തെ ദക്ഷിണേന്ത്യയിലെ തന്നെ മികച്ച സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയത്. കെ.പി.എസ്. മേനോൻ ഹാൾ, അക്ഷരശില്പം, ആർട്ട് ഗാലറി, കോൺഫറൻസ് ഹാൾ എന്നിവയുടെ നിർമ്മാണവും ലൈബ്രറി പ്രവർത്തനങ്ങളുടെ ഡിജിറ്റൈസേഷനും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയായത്. ലൈബ്രറിയെ കേവലം പുസ്തക വിതരണ കേന്ദ്രത്തിനപ്പുറം വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളുടെ പ്രധാന വേദിയാക്കി മാറ്റുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

1938 നവംബർ 30-ന് ചക്കാലയിൽ ബേബിയുടെയും മേരിക്കുട്ടിയുടെയും മകനായി ജനിച്ച ഏബ്രഹാം ഇട്ടിച്ചെറിയ, കോട്ടയം എം.ടി. ഹൈസ്കൂൾ, സി.എം.എസ്. കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എയും കരസ്ഥമാക്കി.

**ഭാര്യ:** ആനി ലില്ലി. **മക്കൾ:** എബ്രഹാം സി, അനീറ്റ തോമസ്, ബിനീറ്റ വർഗീസ്, ആനി എബ്രഹാം.