> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെള്ളൂരിൽ ആവേശമായി ജനപ്രതിനിധികളുടെ വടംവലി: വീട്ടമ്മമാർക്കൊപ്പം അങ്കത്തിനിറങ്ങി പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും
- URL: https://www.vaikomvartha.com/kottayam-news-27/
- Published: 2026-08-31T12:47:51.000Z
- Updated: 2026-09-01T12:29:54.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വെളളൂർ: ഓണാഘോഷത്തിൻ്റെ ഭാഗമായി വെള്ളൂരിൽ നടന്ന വീട്ടമ്മമാരുടെ വടംവലിക്ക് പഞ്ചായത്ത് പ്രസിഡൻ്റും ജില്ല പഞ്ചായത്ത് അംഗവും ഇറങ്ങിയത് ആഘോഷം കളറാക്കി മാറ്റി. വനിത പഞ്ചായത്ത് പ്രസിഡൻ്റും വനിത ജില്ലാ പഞ്ചായത്ത് അംഗവും നേതൃത്വം കൊടുത്ത ടീമുകളാണ് വടവുമായി കളം പിടിച്ചത്. വടംവലി മുറുകിയപ്പോൾ ജയിച്ച ത് ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ ടീമാണ്. വെള്ളൂർ പഞ്ചായത്ത് വെട്ടിക്കാട്ട് മുക്ക് കൈരളി ക്ലബ് വീട്ടമ്മമാർക്കായി സംഘടിപ്പിച്ച വടംവലി മൽസരത്തിലാണ് വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യുസഫും ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷൻ അംഗം വിജയമ്മബാബുവും വടം വലിക്കിറങ്ങിയത്. 

പഞ്ചായത്തിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന വടംവലി മൽസരത്തിൽ പോരാടി ജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലായിരുന്നു പ്രസിഡൻ്റ് സാജിതയൂസഫ് മത്സരത്തിനിറങ്ങിയത്. ക്ലബിൻ്റെ ഓണാഘോഷ പരിപാടിയിലെ വിജയികൾക്ക് സമ്മാന ദാനം നിർവഹിക്കാനെത്തിയ വിജയമ്മബാബു നാട്ടുകാരുടെ ആവേശം കണ്ടാണ് കളത്തിലിറങ്ങിയത്. വീട്ടമ്മമാരുടെ വടംവലിക്ക് നേതൃത്വം നൽകി ജനപ്രതിനിധികൾ ഇരുഭാഗത്തായി നിലയുറപ്പിച്ചപ്പോൾ സംഭവം നാട്ടുകാർ പൊളിയാക്കി... പോരാട്ടത്തിൽ വിജയമ്മബാബുവിൻ്റെ നേതൃത്വത്തിൽ വീട്ടമ്മമാർ വടം വലിച്ചടുപ്പിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫിനും ടീമിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-24.jpg)

തുടർന്ന് ക്ലബ് പ്രസിഡൻ്റ് ജാഫർ ജബ്ബാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് ഉദ്ഘാടനം ചെയ്തു. വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി അനസ് ഷെറീഫ്, ട്രഷറർ ഫൈസൽ, ഇർഫാൻ യൂസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.