> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരി ജയിലേക്ക്
- URL: https://www.vaikomvartha.com/kottayam-news-33/
- Published: 2026-09-17T10:07:13.000Z
- Updated: 2026-09-17T10:07:13.000Z
- Author:  Vaikom Vartha News Desk
- Tags: Main News

കോട്ടയം: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡി.ജി.പി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥ‌നാണ് തച്ചങ്കരി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരിക്ക് നാലുവർഷം തടവും 30.84 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നും കേസിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹർജി സമർപ്പിച്ചെങ്കിലും വിജിലൻസ് കോടതി ഇത് തള്ളിയിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-21.jpg)

തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തച്ചങ്കരി കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. അനധികൃത സ്വത്ത് സമ്പാദനത്തിന് പുറമെ സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം ഉണ്ടാക്കിയതായും വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് തച്ചങ്കരിയുടെ കോടതിയോട് പറഞ്ഞിരുന്നു.  
1987 ബാച്ച് ഐ.പി.എസ് ഓഫിസറായിരുന്ന ടോമിൻ ജെ.തച്ചങ്കരി 2023 ൽ മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡി.ജി.പിയായാണ് വിരമിച്ചത്. മാർക്കറ്റ്ഫെഡ്, കൺസ്യൂമർ ഫെഡ് എന്നിവയുടെ മാനേജിങ് ഡയറക്ടറായും കെ.എസ്.ആർ.ടി.സി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എന്നിവയുടെ സി.എം.ഡിയായും ഫയർഫോഴ്സ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.